ഡിസ്‌കവറി ചാനല്‍ പരിപാടിയില്‍ അതിഥിയായി നരേന്ദ്ര മോദിയും
പ്രമുഖ ചാനല്‍ ആയ ഡിസ്‌കവറി ചാനലിന്റെ ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ ഉള്ള പ്രോഗ്രാമാണ് മാന്‍ വേഴ്സസ് വൈല്‍ഡ്. അതിന്റെ വരുന്ന ഒരു എപ്പിസോഡില്‍ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. പരിപാടിയുടെ അവതാരകന്‍ ബിയര്‍ ഗ്രില്‍സിനൊപ്പം ഉത്തരാഖണ്ഡിലെ ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കിലാണ് മോദി യാത്ര ചെയ്യുന്നത്. ഇതിന്റെ മുന്നോടിയായി പുറത്തുവിട്ട വീഡിയോയും ചിത്രങ്ങളും ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
ഷോയുടെ ചില ഭാഗങ്ങള്‍ ഗ്രില്‍സ് ട്വീറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഒരു ചെറിയ തോണിയില്‍ മോദിയും ഗ്രില്‍സും സഞ്ചരിക്കുന്നതാണ് ദൃശ്യങ്ങളില്‍ ഒന്ന്. മുളകൊണ്ട് ആയുധമുണ്ടാക്കുന്നതാണ് മറ്റൊരു രംഗം. ഇന്ത്യയുടെ പ്രധാനമന്ത്രി മുളകൊണ്ട് കുന്തം പോലുള്ള ആയുധമുണ്ടാക്കുന്നതും തോണി തുഴയുന്നതും ദൃശ്യങ്ങളില്‍ കാണാം. കാട്ടില്‍ നിന്നും ശേഖരിച്ച മുളകളും മറ്റും എടുത്തുകൊണ്ട് ‘ഇത് ഞാന്‍ നിങ്ങള്‍ക്കുവേണ്ടി സൂക്ഷിക്കുമെന്ന്’ ഗ്രില്‍സിനോട് മോദി പറയുന്നുണ്ട്.
‘ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയാണ് താങ്കള്‍, താങ്കളെ ജീവനോടെ സംരക്ഷിക്കുകയെന്നതാണ് എന്റെ ജോലി’ എന്നാണ് ഇതിനു മറുപടിയായി ഗ്രില്‍സ് ചിരിച്ചു കൊണ്ട് പറയുന്നത്.
വന്യജീവി സംരക്ഷണം, കാലാവസ്ഥ വ്യതിയാനം എന്നിവയെക്കുറിച്ചുള്ള ബോധവത്കരണമാണു പരിപാടിയുടെ ലക്ഷ്യം. മൃഗസംരക്ഷണത്തെയും പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ചും ജനങ്ങളെ ബോധവത്കരിക്കുന്നതിനായായാണ് ഈ പരിപാടി നടത്തുന്നത്.
അതേസമയം കാട്ടിലും പര്‍വ്വതങ്ങളിലും വര്‍ഷങ്ങളോളം ജീവിച്ചയാളാണ് താനെന്നും ഈ കാലങ്ങള്‍ക്ക് തന്റെ ജീവിതത്തില്‍ വലിയ പ്രാധാന്യമുണ്ടെന്നും അതിനാലാണ് ഇത്തരമൊരു പരിപാടി ചെയ്യുന്നതെന്നും മോദി പറഞ്ഞു.