കാണാതായ കഫേ കോഫി ഡേ സ്ഥാപകന്റെ മൃതദേഹം കണ്ടെത്തി

തിങ്കളാഴ്ച മുതല്‍ കാണാതായ കഫേ കോഫി ഡേയുടെ സ്ഥാപകന്റെ മൃതദേഹം കണ്ടെത്തി. കഫേ കോഫി ഡേ സ്ഥാപകനും കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ് എം കൃഷ്ണയുടെ മരുമകനുമായ വി ജി സിദ്ധാര്‍ത്ഥയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മംഗളൂരു തീരത്ത് ഒഴിഗേ ബസാറില്‍ നിന്ന് രാവിലെ ആറുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. നേത്രാവതി നദിയില്‍ നിന്നും മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. വെന്‍ലോക്ക് ആശുപത്രിയിലാണ് മൃതദേഹമുള്ളത്. ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ചിക്മംഗല്‍രിലേക്ക് മൃതദേഹം കൊണ്ടു പോകും.

സിദ്ധാര്‍ത്ഥ കുടുംബത്തിനെഴുതിയ കത്ത് പുറത്ത് വന്നിട്ടുണ്ട്. നന്നായി അധ്വാനിച്ചിട്ടും പ്രതീക്ഷിച്ച ലാഭം നേടാന്‍ സാധിച്ചില്ലെന്നും, എന്നെ വിശ്വസിച്ചവരെയെല്ലാം ഞാന്‍ നിരാശരാക്കിയെന്നും കത്തില്‍ പറയുന്നു. ഏറെ നാള്‍ താന്‍ പൊരുതിയെന്നും ഇന്ന് താന്‍ തോല്‍ക്കുകയാണെന്നും സിദ്ധാര്‍ത്ഥ പറയുന്നു.

കഫേ കോഫി ഡേ 7000 കോടി രൂപയുടെ നഷ്ടത്തിലായിരുന്നെന്നും കമ്പനിയുടെ സാമ്പത്തികനഷ്ടങ്ങള്‍ക്ക് താന്‍ മാത്രമാണ് ഉത്തരവാദിയെന്നും സിദ്ധാര്‍ഥ കത്തില്‍ സൂചിപ്പിച്ചിരുന്നതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മംഗളൂരു നേത്രാവതി പാലത്തില്‍ വച്ചാണ് സിദ്ധാര്‍ത്ഥയെ കാണാതായത്. ഇവിടെ വച്ചാണ് അവസാനമായി സിദ്ധാര്‍ത്ഥയുടെ മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തിച്ചതെന്ന് കര്‍ണാടക പൊലീസ് കണ്ടെത്തിയിരുന്നു.

ബംഗളൂരുവില്‍ നിന്നും കാറില്‍ മംഗലൂരുവിലേക്ക് പുറപ്പെട്ട സിദ്ധാര്‍ത്ഥ, നേത്രാവതി പുഴയുടെ മുകളിലെത്തിയപ്പോള്‍ കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെടുകയും പുറത്തിറങ്ങി പുഴയിലേക്ക് ഇറങ്ങിപ്പോയെന്നും പിന്നീട് കണ്ടിട്ടില്ലെന്നുമാണ് ഡ്രൈവറുടെ മൊഴി. ഒരാള്‍ പുഴയിലേക്ക് ചാടുന്നത് കണ്ടുവെന്നും എന്നാല്‍ അടുത്ത് എത്തിയപ്പോഴേക്ക് താഴ്ന്നു പോയിരുന്നുവെന്നും പ്രദേശത്തുണ്ടായിരുന്ന ഒരു മീന്‍പിടിത്തക്കാരനും പൊലീസിനോട് പറഞ്ഞു. ഇതേത്തുടര്‍ന്ന് നടത്തിയ വ്യാപക തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്.

അതിനിടെ, കണ്ടെടുത്ത കത്ത് സിദ്ധാര്‍ത്ഥയുടേത് തന്നെയെന്ന് മംഗളൂരു പൊലീസ് അറിയിച്ചു. കയ്യക്ഷരം സിദ്ധാര്‍ത്ഥയുടേത് തന്നെയെന്ന് കുടുംബവും സാക്ഷ്യപ്പെടുത്തി. സംരംഭകന്‍ എന്ന നിലയില്‍ പരാജയപ്പെട്ടുവെന്നാണ് സിദ്ധാര്‍ത്ഥയുടെ കത്തില്‍ പറയുന്നത്. ആദായ നികുതി വകുപ്പില്‍ നിന്ന് വലിയ സമ്മര്‍ദ്ദം ഉണ്ടായെന്നും കമ്പനിയെ ലാഭത്തിലാക്കാന്‍ കഴിഞ്ഞില്ലെന്നും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇനിയും ഇങ്ങനെ തുടരാനാകില്ലെന്നും സിദ്ധാര്‍ത്ഥയുടെ കത്തില്‍ പറയുന്നു.