ആഹാരത്തിനു മതമില്ല ; ആഹാരമാണ് മതം ; സോഷ്യല്‍ മീഡിയയില്‍ താരമായി സോമാറ്റോ
ഒരു രാത്രി കൊണ്ട് താരമായിരിക്കുകയാണ് സൊമാറ്റോയുടെ സി.ഇ.ഒ. ദീപിന്ദര്‍ ഗോയല്‍.
‘നമോ സര്‍ക്കാര്‍’ എന്ന ട്വീറ്റര്‍ ഹാന്‍ഡിലില്‍ നിന്ന് സോമാറ്റോയ്ക്ക് വിചിത്രമായ അറിയിപ്പ് കിട്ടിയത്. ഇസ്ലാം മതവിശ്വാസിയായ ഡെലിവറി ബോയിക്കു പകരം ഹിന്ദുവിനെ അയയ്ക്കണമെന്നായിരുന്നു മധ്യപ്രദേശ് ജബല്‍പുര്‍ സ്വദേശിയായ അമിത് ശുക്ലയുടെ ആവശ്യം.
ഹിന്ദു അല്ലാത്ത ഡെലിവറി ബോയി വരുന്നതിനാല്‍ സൊമാറ്റോ ഓര്‍ഡര്‍ റദ്ദാക്കിയതായി അമിത് ട്വീറ്റ് ചെയ്തു. ഡെലിവറി ബോയിയെ മാറ്റിയില്ല എങ്കില്‍ കമ്പനിക്കെതിരേ കേസ് ഫയല്‍ ചെയ്യുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി. അമിത് ശുക്ല വിചാരിച്ചതില്‍ നിന്നും മറിച്ചായിരുന്നു കമ്പനിയുടെ പ്രതികരണം. ഭക്ഷണത്തിനു മതമില്ല. ഭക്ഷണമാണ് മതം – ഉപഭോക്താവിനു മറുപടിയായി സൊമാറ്റോ ട്വീറ്റ് ചെയ്തു.
ഇന്ത്യ എന്ന ആശയത്തിലും ഞങ്ങളുടെ പങ്കാളികളുടെയും ഉപഭോക്താക്കളുടെയും വൈവിധ്യത്തിലും ഞങ്ങള്‍ അഭിമാനിക്കുന്നു. ഞങ്ങളുടെ മൂല്യത്തിന്റെ പേരില്‍ ബിസിനസ് നഷ്ടപ്പെടുന്നതില്‍ ഞങ്ങള്‍ക്കു മനസ്താപമില്ലെന്നും ഗോയല്‍ ട്വീറ്റ് ചെയ്തു.
താന്‍ ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളില്‍ ഉറച്ചു നില്‍ക്കാന്‍ ദീപിന്ദര്‍ ഗോയല്‍ കാണിച്ച ധൈര്യത്തിന് സാമൂഹിക മാധ്യമങ്ങള്‍ക്കൊപ്പം രാജ്യത്തെ മുതിര്‍ന്ന നേതാക്കളും അഭിനന്ദനമര്‍പ്പിച്ചു.
ഞാന്‍ നിങ്ങളുടെ ആപ്പ് ഇഷ്ടപ്പെടുന്നു. ഇതിനു പിന്നിലുള്ള കമ്പനിയെയും ഉടമയേയും പ്രശംസിക്കാന്‍ അവസരമുണ്ടാക്കിയ നിങ്ങള്‍ക്ക് നന്ദി – ജമ്മു കാഷ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തു.
ദീപിന്ദര്‍ ഗോയല്‍ സല്യൂട്ട്, നിങ്ങളാണ് ഇന്ത്യയുടെ യഥാര്‍ഥ മുഖം, നിങ്ങളെയോര്‍ത്ത് അഭിമാനം എന്ന് മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ്. വൈ. ഖുറേഷിയും ട്വീറ്റ് ചെയ്തു.
ഇതിനിടെ സൊമാറ്റോയ്ക്കു പിന്തുണയുമായി മറ്റൊരു ഓണ്‍ലൈന്‍ ഭക്ഷണവിതരണ കമ്പനിയായ ഊബര്‍ ഈറ്റ്‌സും രംഗത്തെത്തി. ‘സൊമാറ്റോ, ഞങ്ങളുണ്ട് നിങ്ങള്‍ക്കൊപ്പം’ എന്നു ട്വീറ്റ് ചെയ്തായിരുന്നു ഊബര്‍ ഈറ്റ്‌സ് തങ്ങളുടെ പിന്തുണ അറിയിച്ചത്. ‘ഭക്ഷണത്തിനു മതമില്ല, ഭക്ഷണം തന്നെയാണു മതം’ എന്ന സൊമാറ്റോയുടെ പ്രതികരണം ഇവര്‍ റീട്വീറ്റ് ചെയ്തു.
ഇന്ത്യ എന്ന ആശയം കാത്തുസൂക്ഷിക്കുന്നതിനു വിഘാതമാവുന്ന കച്ചവടം സൊമാറ്റോയ്ക്ക് വേണ്ടെന്ന് ഒരു കമ്പനി ഉടമ പറയുക.. ഇന്നത്തെകാലത്ത് വിശ്വസിക്കാന്‍ ഇത്തിരി ബുദ്ധിമുട്ട് തോന്നും എങ്കിലും ഇത് സത്യമാണ്.