പ്രളയ സെസ് നിലവില്‍ വന്നു ; വിലക്കയറ്റം ഉണ്ടാക്കിയാല്‍ നടപടി എന്ന് മന്ത്രി
സംസ്ഥാനത്തു പ്രളയ സെസ് ഇന്നു മുതല്‍ പ്രാബല്യത്തില്‍. 928 ഉത്പന്നങ്ങള്‍ക്ക് ഇന്നു മുതല്‍ ഒരു ശതമാനം വില കൂടും. അഞ്ചു ശതമാനത്തിനു മുകളില്‍ ചരക്കുസേവന നികുതി ഈടാക്കുന്നവയ്ക്കാണു വില ഉയര്‍ന്നത്. സ്വര്‍ണം ഒഴികെ അഞ്ചു ശതമാനമോ അതില്‍ താഴെയോ നികുതിയുള്ള ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും വില വര്‍ധനയില്ല. പ്രളയസെസ് ഏര്‍പ്പെടുത്തുന്നതു വഴി 1200 കോടി രൂപ സ്വരൂപിക്കാമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. അതേസമയം, പ്രളയസെസിന്റെ മറവില്‍ വിലക്കയറ്റം ഉണ്ടാക്കാന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി.
ഇന്നു മുതല്‍ രണ്ട് വര്‍ഷത്തേക്കാണു സെസ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പ്രളയാനന്തര കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിനു പണം കണ്ടെത്തുന്നതിനായാണു ചരക്ക് സേവന നികുതിക്കൊപ്പം ഒരു ശതമാനം സെസ് ഏര്‍പ്പെടുത്തിയത്. കോമ്പോസിഷന്‍ രീതി തെരഞ്ഞെടുത്തിട്ടുള്ള വ്യാപാരികളെ സെസില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഹോട്ടല്‍ ഭക്ഷണം, എസി ട്രെയിന്‍, ബസ് ടിക്കറ്റ് ബുക്കിംഗ് എന്നിവയ്ക്കു സെസ് ഉണ്ടാകില്ല.
12, 18, 28 ശതമാനം ജിഎസ്ടി നിരക്കു ബാധകമായവയുടെയെല്ലാം വില ഉയരും. ഇതേ സ്ലാബില്‍ നികുതി നിരക്കുള്ള 100 രൂപയുടെ ഒരു സാധനത്തിനു സെസ് നിലവില്‍ വന്നതോടെ ഇന്നു മുതല്‍ ഒരു രൂപ വീതം ഉയരും. എന്നാല്‍, നിത്യോപയോഗ സാധനങ്ങളായ അരി, പാല്‍, പഞ്ചസാര, ശര്‍ക്കര, ഇറച്ചി, പച്ചക്കറി, പഴം എന്നിവയ്‌ക്കൊന്നും വില വര്‍ധന ബാധകമാകില്ല. എന്നാല്‍, 1,000 രൂപയ്ക്കു മുകളിലുള്ള തുണിത്തരങ്ങള്‍, ഗൃഹോപകരണങ്ങള്‍, ഐസ്‌ക്രീം, ചോക്ക്ലേറ്റ്, കണ്ടന്‍സ്ഡ് മില്‍ക്ക് തുടങ്ങിയവയുടെ വില ഉയരും.
ഒരു വിഭാഗം അവശ്യവസ്തുക്കള്‍ ഒഴികെയുള്ള എല്ലാ ഉപയോഗ വസ്തുക്കള്‍ക്കും നിര്‍മാണ സാമഗ്രികള്‍ക്കും ഒരു ശതമാനം വില കൂടും. ഗൃഹോപകരണങ്ങള്‍, ഇലക്‌ട്രോണിക് ഉത്പന്നങ്ങള്‍, വാഹനങ്ങള്‍ തുടങ്ങിയവയ്ക്കും ഒരു ശതമാനം വില വര്‍ധിക്കും. ചരക്ക് സേവന നികുതി നിയമത്തിലെ അഞ്ചാം പട്ടികയില്‍ ഉള്‍പ്പെടുന്ന സ്വര്‍ണം, വെള്ളി, പ്ലാറ്റിനം എന്നിവയുപയോഗിച്ചുള്ള ആഭരണങ്ങള്‍ക്കു കാല്‍ ശതമാനമാണു പ്രളയ സെസ്. ചരക്കുസേവന നികുതി ചേര്‍ക്കാത്ത മൂല്യത്തിന്‍ മേലാണു പ്രളയ സെസ് ഈടാക്കുന്നത്. സംസ്ഥാനത്തിനകത്തെ ചരക്കുകളുടെയും സേവനങ്ങളുടെയും അവസാന വിതരണ ഘട്ടത്തില്‍ മാത്രമാണു പ്രളയ സെസ് ഈടാക്കുക. പ്രളയ പുനര്‍നിര്‍മാണത്തിനായി 600 കോടി രൂപ കണ്ടെത്തുകയാണ് പ്രളയ സെസ് കൊണ്ട് ലക്ഷ്യമിടുന്നത്.
അതേസമയം, പ്രളയസെസിനെതിരെ കടുത്ത പ്രതിഷേധമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. കടുത്ത പ്രതിഷേധം ഉയര്‍ന്നിട്ടും പ്രളയസെസ് ചുമത്തുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രളയത്തിന്റെ കെടുതികളില്‍ നിന്ന് കരകയറാന്‍ കഴിയാത്ത കേരളത്തിലെ ജനങ്ങളെ വീണ്ടും ശിക്ഷിക്കുന്നതിന് തുല്യമാണിതെന്നും വന്‍ വിലക്കയറ്റത്തിന് ഇത് കാരണമാകുമെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.