ഇന്ത്യ പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കുപ്പത്തൊട്ടിയായി മാറുന്നു ; ചവറുകള്‍ നിക്ഷേപിക്കുന്നവരുടെ ലിസ്റ്റില്‍ പാക്കിസ്ഥാനും ബംഗ്ലാദേശും വരെ
സാമ്പത്തിക ലാഭം നോക്കി രാജ്യത്തിന്റെയും ജനങ്ങളുടെയും ആയുസിന്റെ എണ്ണം കുറയ്ക്കുന്ന പണിയാണ് സര്‍ക്കാര്‍ നടത്തുന്നത് എന്ന് പറയേണ്ട അവസ്ഥയാണ് ഇപ്പോള്‍. ഇന്ത്യയിലെ പ്ലാസ്റ്റിസ് സംസ്‌കരണ, പുനരുല്‍പ്പാദന കമ്പനികളിലേക്ക് ഇറക്കുമതി ചെയ്യുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുമിഞ്ഞുകൂടുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തു അതീവ ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായാണ് റിപ്പോര്‍ട്ട്.
സര്‍ക്കാരേതര സംഘടനയായ പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാദ്ധ്യായ് സ്മൃതി മഞ്ചാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തിനും ഈ വര്‍ഷം ഫെബ്രുവരി മാസത്തിനും ഇടയില്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. 25 ഓളം വിദേശരാജ്യങ്ങളില്‍ നിന്ന് 1.21 ലക്ഷം മെട്രിക് ടണ്‍ പ്ലാസ്റ്റികാണ് കമ്പനികള്‍ ഇറക്കുമതി ചെയ്തത്. രാജ്യതലസ്ഥാനമായ ദില്ലിയിലാണ് 19000 മെട്രിക് ടണ്‍ പ്ലാസ്റ്റികും ചെന്നുചേര്‍ന്നത് .
ഇതില്‍ നമ്മുടെ അയാല്‍ രാജ്യങ്ങളായ പാക്കിസ്ഥാനും ബംഗ്ലാദേശുമാണ് 55000 മെട്രിക് ടണ്‍ പ്ലാസ്റ്റിക് മാലിന്യവും ഇന്ത്യയിലേക്ക് തള്ളുന്നത്. ഇതിന് പുറമെ അമേരിക്കയടക്കം 25 ഓളം വിദേശരാജ്യങ്ങളില്‍ നിന്നാണ് അവശേഷിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എത്തുന്നത്. അക്ഷരാര്‍ത്ഥത്തില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തള്ളാനുള്ള കുപ്പത്തൊട്ടിയാക്കി ഇന്ത്യയെ മാറ്റുകയാണ് ഈ രാഷ്ട്രങ്ങളെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
വളരെ തന്ത്രപരമായാണ് ഈ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യന്‍ കമ്പനികള്‍ മാലിന്യങ്ങള്‍ ഇറക്കുമതി ചെയ്യുന്നത്. ഇവയില്‍ അപകടകാരിയെന്ന് കണ്ടെത്തിയ പിഇടി പ്ലാസ്റ്റിക് ബോട്ടിലുകള്‍ വരെയുണ്ട്. കുപ്പികളടക്കമുള്ളവ അടിച്ചുപരത്തി ഷീറ്റുകള്‍ പോലെയാക്കിയാണ് ഇറക്കുമതി ചെയ്യുന്നത്. ഇതില്‍ നല്ലൊരു ശതമാനം സംസ്‌കരിക്കപ്പെടാതെ പോകുന്നത് ഇന്ത്യയിലെ ഭൂമിയിലും സമുദ്രത്തിലും വലിയ തോതിലുള്ള പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. സാമ്പത്തിക ലാഭം മാത്രം നോക്കുന്നത് കാരണം സര്‍ക്കാരും അധികാരികളും ഇതിനു നേരെ കണ്ണടയ്ക്കുകയാണ്.