വിവാദ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ രാജ്യസഭ പാസാക്കി

വിവാദങ്ങള്‍ക്കിടയില്‍ ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ല് രാജ്യസഭ പാസാക്കി. മെഡിക്കല്‍ കമ്മീഷനില്‍ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കണമെന്ന ഭേദഗതിയോടെയാണ് ബില്ല് പാസാക്കിയത്. മെഡിക്കല്‍ കൗണ്‍സിലിന് പകരം മെഡിക്കല്‍ കമ്മീഷന്‍ രൂപീകരിക്കുമെന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥ.

അടിസ്ഥാന യോഗ്യതയായ എംബിബിഎസ് ഇല്ലാതെ മോഡേണ്‍ മെഡിസിന്‍ പ്രാക്ടീസ് ചെയ്യാന്‍ മുപ്പത് ശതമാനം പേര്‍ക്ക് അനുമതി ബില്ല് നിയമമാകുന്നതോടെ ലഭിക്കും. ഇത്തരം വ്യവസ്ഥകളോട് കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ച് ഡോക്ടര്‍മാര്‍ പ്രതിഷേധിക്കുന്നതിനിടയിലാണ് ബില്ല് പാസായത്. രാജ്യസഭയില്‍ ഭേദഗതി വരുത്തിയതോടെ ബില്ല് വീണ്ടും ലോക്സഭയുടെ പരിഗണനക്ക് വിടും.

ഭരണ പ്രതിപക്ഷത്തിന്റെ അനുമതിയോട് കൂടിയാണ് ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ലില്‍ ഭേദഗതി വരുത്തിയത്. കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് ഗുലാം നബി ആസാദ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ അംഗങ്ങള്‍ ബില്ലിന്മേല്‍ പുതിയ നിര്‍ദേശങ്ങള്‍ നല്‍കിയതില്‍ ആരോഗ്യ മന്ത്രി ഡോക്ടര്‍ ഹര്‍ഷ വര്‍ദ്ധന്‍ നന്ദി പ്രകടിപ്പിച്ചു. എന്നാല്‍ ഡോക്ടര്‍മാര്‍ എതിര്‍പ്പ് അറിയിച്ച വിവാദ വ്യവസ്ഥകള്‍ നിലനിര്‍ത്തിക്കൊണ്ടാണ് ബില്ല് രാജ്യസഭയിലും പാസായത്.

മെഡിക്കല്‍ കൗണ്‍സലിന് പകരം വരുന്ന മെഡിക്കല്‍ കമ്മീഷനിലെ ഇരുപത്തിയഞ്ച് അംഗ സമിതിയില്‍ 20 പേര്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്നവരാകും. അങ്ങനെയെങ്കില്‍ അടിസ്ഥാന യോഗ്യതയില്ലാത്തവര്‍ക്ക് മോഡേണ്‍മെഡിസിന്‍ പ്രാക്ടീസ് ചെയ്യാം.

മെഡിക്കല്‍ പിജി കോഴ്സുകളിലേക്ക് എംബിബിഎസ് അവസാന വര്‍ഷ പരീക്ഷയുടെ അടിസ്ഥാനത്തില്‍ പ്രവേശനം അനുവദിക്കുക, സ്വകാര്യ മെഡിക്കല്‍ കോളേജിലെ അന്‍പത് ശതമാനം കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കുക തുടങ്ങിയ ഭേദഗതിക്കെതിരെയാണ് പ്രധാനമായും ഡോക്ടര്‍മാര്‍ രംഗത്തുവന്നത്. മെഡിക്കല്‍ കമ്മീഷന്റെ കാലവധി രണ്ട് വര്‍ഷത്തേക്കാണ്. ഇത് പിന്നീട് സ്ഥിരം സംവിധാനമാക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

എയിംസ് അടക്കമുള്ള കോളജുകളിലേക്കുള്ള പിജി പ്രവേശനത്തിന് നെക്സ്റ്റ് എന്ന പൊതു പരീക്ഷ നടത്തുക. വിദേശ രാജ്യങ്ങളില്‍ എംബിബിഎസ് കഴിഞ്ഞവര്‍ നെക്സ്റ്റ് പരീക്ഷ പാസായ ശേഷമേ പ്രാക്ടീസ് തുടങ്ങാവു തുടങ്ങിയ വ്യവസ്ഥകളും ബില്ലിലുണ്ട്.