മാധ്യമപ്രവര്ത്തകന് കാറിടിച്ചു മരിച്ച സംഭവം ; ശ്രീറാം വെങ്കിട്ടരാമനെ അറസ്റ്റു ചെയ്തേക്കും
തിരുവനന്തപുരത്ത് വാഹനമിടിച്ച് മാധ്യമപ്രവര്ത്തകന് കൊല്ലപ്പെട്ട സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമന് ഐഎഎസിനെ അറസ്റ്റു ചെയ്തേക്കുമെന്ന് വിവരം. മനപൂര്‍വമല്ലാത്ത നരഹത്യാ കുറ്റം ചുമത്തിയായിരിക്കും ശ്രീറാമിനെ അറസ്റ്റു ചെയ്യുക. വാഹനമോടിച്ചത് ശ്രീറാം വെങ്കിട്ടരാമന് തന്നെയാണെന്ന് കമ്മീഷണര്‍ സഞ്ജയ് കുമാര്‍ വ്യക്തമാക്കിയിരുന്നു.
സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിലാണ് വാഹനം ഓടിച്ചത് ശ്രീറാമാണെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്. ശ്രീറാമിന്റെ രക്തസാമ്പിള്‍ പരിശോധനയ്ക്കെടുത്തിട്ടുണ്ട്. ജനറല്‍ ഹോസ്പിറ്റലില്‍ നിന്നുള്ള സംഘം ശ്രീറാം ചികിത്സയില്‍ കഴിയുന്ന കിംസ് ആശുപത്രിയില്‍ എത്തിയാണ് രക്തസാമ്പിള്‍ ശേഖരിച്ചത്.
അതേസമയം, സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന് പറഞ്ഞു. ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള നടപടി സ്വീകരിക്കും. അപകടം വരുത്തിയവരെ രക്ഷിക്കാന്‍ ഉദ്യോഗസ്ഥ തലത്തില്‍ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരേയും കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
ശനിയാഴ്ച പുലര്‍ച്ചെ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് സമീപമായിരുന്നു അപകടം നടന്നത്. സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ. മുഹമ്മദ് ബഷീറാണ് മരിച്ചത്. ബഷീറിന്റെ ബൈക്കിന് പിന്നില്‍ ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിക്കുകയായിരുന്നു.
പിന്നീട് മാധ്യമ പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനിലെത്തിയതോടെയാണ് പൊലീസ് കാറിലുണ്ടാിരുന്ന സ്ത്രീയെ വിളിക്കാന്‍ തയ്യാറായത്. വഫ ഫിറോസ് എന്ന സ്ത്രീയുടെ പേരില്‍ തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്ത കാറിലാണ് ശ്രീറാം വെങ്കിട്ടരാമന് സഞ്ചരിച്ചിരുന്നത്.
കഴിഞ്ഞ ദിവസമാണ് പഠനാവധി കഴിഞ്ഞെത്തിയ ശ്രീറാം വെങ്കിട്ടരാമനെ സര്‍വേ ആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ്സ് ഡയറക്ടറായി നിയമിച്ചത്. അതിന്റെ ആഘോഷം കഴിഞ്ഞുള്ള വരവിലാണ് അപകടം നടന്നത്. അമിത വേഗത്തില്‍ എത്തിയ വാഹനം ബഷീറിന്റെ ബൈക്കിനു പിന്നില്‍ ഇടിക്കുകയായിരുന്നു.
ഇടിച്ച ബൈക്കുമായി കാറ് നൂറു മീറ്ററോളം മുന്നോട്ടു പോയതിനു ശേഷമാണു മതിലില്‍ ഇടിച്ചു നിന്നത്. അതേസമയം സ്ഥലത്തു എത്തിയ പോലീസ് ശ്രീറാമിനെയും യുവതിയെയും സംരക്ഷിക്കുന്ന നിലപാടാണ് എടുത്തത് എന്ന് മാധ്യമപ്രവര്‍ത്തകര്‍ പറയുന്നു.
മൂന്നാറിലെ ഭൂമി കയ്യേറ്റങ്ങളില്‍ ശക്തമായ നടപടി സ്വീകരിച്ച് ശ്രദ്ധ നേടിയ മുന്‍ ദേവികുളം സബ്ബ് കലക്ടറാണ് ശ്രീറാം വെങ്കിട്ട രാമന്.