ശ്രീറാം വെങ്കിട്ടരാമന് എതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തും ; അറസ്റ്റ് വൈകിട്ടോടെ
മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിന്റെ അറസ്റ്റ് വൈകിട്ടോടെ ഉണ്ടായേക്കും. പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്നുമാണ് ഇത്തരത്തിലൊരു വിവരം ലഭിച്ചത്. ശ്രീറാമിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തും. മനപൂര്‍വമല്ലാത്ത നരഹത്യക്കും കേസെടുക്കുമെന്നാണ് വിവരം. വാഹനമോടിച്ചത് ശ്രീറാം വെങ്കിട്ടരാമനാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
വെങ്കട്ടരാമനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്താന്‍ ഡി.ജി.പിയുടെ നിര്‍ദ്ദേശം. പ്രതിയാക്കിയ ശേഷം ആശുപത്രിയിലെത്തി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തും.
സ്വകാര്യ ആശുപത്രിയില്‍ നിന്ന് ശ്രീറാമിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാനും നിര്‍ദ്ദേശമുണ്ട്.
ഇന്നലെ രാത്രിയാണ് അമിതവേഗതയില്‍ വന്ന് കാറിടിച്ച് സിറാജ് ദിനപത്രത്തിലെ തിരുവനന്തപുരം യൂണിറ്റ് മേധാവി കെ എം ബഷീര്‍ മരിച്ചത്. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് സമീപം പബ്ലിക് ഓഫീസിന് മുന്നില്‍ വെച്ചായിരുന്നു സംഭവം.
കൊല്ലത്ത് സിറാജ് പ്രമോഷന്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്ത ശേഷം തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു ബഷീര്‍. അതേസമയം, സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.
ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള നടപടി സ്വീകരിക്കും. അപകടം വരുത്തിയവരെ രക്ഷിക്കാന്‍ ഉദ്യോഗസ്ഥ തലത്തില്‍ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരേയും കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.