ഭാര്യയെ പണയം വെച്ച് ചൂതു കളിച്ചു ; തോറ്റപ്പോള്‍ സുഹൃത്തിനു ബലാത്സംഗത്തിന് നല്‍കി
ഉത്തര്‍പ്രദേശിലെ ജൗന്‍പൂരിലാണ് ഭര്‍ത്താവ് തന്റെ ഭാര്യയെ പണയം വെച്ച് ചൂത് കളിച്ചത്. യുവതിയുടെ ഭര്‍ത്താവും സുഹൃത്തും ബന്ധുവും മദ്യപിച്ചു കഴിഞ്ഞാല്‍ പന്തയത്തിലേര്‍പ്പെടുന്നത് പതിവാണെന്ന് പൊലീസ് പറയുന്നു. ദമ്പതികള്‍ താമസിക്കുന്ന ഫല്‍റ്റിലാണ് സ്ഥിരമായി മദ്യപാനം നടക്കുന്നത്. കഴിഞ്ഞ ദിവസവും ഇത്തരത്തില്‍ മദ്യപാനം നടന്നു. പതിവുപോലെ പന്തയം നടത്തി പണം നഷ്ടമായതോടെ ഭാര്യയെ പന്തയം വെയ്ക്കുകയായിരുന്നു. ഇതോടെ സുഹൃത്തും ബന്ധുവും ചേര്‍ന്ന് യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്തു.
സംഭവത്തിന് പിന്നാലെ യുവതി ബന്ധുവിന്റെ വീട്ടിലേക്ക് പോയി. അവിടെയെത്തി ഭര്‍ത്താവ് മാപ്പു പറയുകയും യുവതി അയാള്‍ക്കൊപ്പം പോകുകയും ചെയ്തു. വഴിയില്‍വെച്ച് കാറില്‍ കയറിയ സുഹൃത്തും ബന്ധുവും വീണ്ടും യുവതിയെ ബലാത്സംഗം ചെയ്തു. ഭര്‍ത്താവിന്റെ അനുവാദത്തോടെയാണ് വീണ്ടും ബലാത്സംഗം നടന്നതെന്ന് യുവതി പൊലീസിനോട് പറഞ്ഞു.
സംഭവത്തെക്കുറിച്ച് യുവതി പരാതി നല്‍കിയെങ്കിലും നടപടി ഒന്നും ഉണ്ടായില്ല. ഇതേ തുടര്‍ന്ന് യുവതി കോടതിയെ സമീപിച്ചു. കോടതി ഉത്തരവിനെ തുടര്‍ന്ന് ജൗന്‍പൂരിലെ ജാഫര്‍ബാദ് പൊലീസ് സ്റ്റേഷനില്‍ കൂട്ടബലാത്സംഗത്തിന് എഫ്‌ഐആര്‍ രജിസ്റ്റര്‍ചെയ്തു.
ഭര്‍ത്താവ് ചൂതാട്ടത്തിന് പുറമേ മദ്യപാനത്തിനും അടിമയാണെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. ഭര്‍ത്താവിന്റെ സുഹൃത്തായ അരുണും അയാളുടെ ബന്ധു അനിലും യുവതിയുടെ വീട്ടില്‍ വരുന്നത് പതിവായിരുന്നു. ഭര്‍ത്താവുമൊത്ത് മദ്യപിക്കാനും ചൂതുകളിക്കാനുമാണ് ഇരുവരും വരുന്നതെന്നും യുവതി പറഞ്ഞു.