കശ്മീരിലെ രക്തച്ചൊരിച്ചില്‍ അവസാനിക്കുമെന്ന് അമിത് ഷാ ; സമാധാനം പുന:സ്ഥാപിച്ചാല്‍ പൂര്‍ണ സംസ്ഥാന പദവി

ആര്‍ട്ടിക്കിള്‍ 370 കശ്മീരില്‍ തീവ്രവാദത്തെ വളര്‍ത്തിയെന്നും വികസനത്തെ ഇല്ലാതാക്കിയെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇനി കശ്മീരിലെ രക്തച്ചൊരിച്ചിലിന് അവസാനമാകുമെന്ന് അമിത് ഷാ പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370 സ്ത്രീ വിരുദ്ധമാണ്.മൂന്ന് കുടുംബങ്ങള്‍ ഭരിച്ചാണ് ജമ്മു കശ്മീരിനെ ഇല്ലാതാക്കിയതെന്നും അമിത് ഷാ പറഞ്ഞു. ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതായി അമിത് ഷാ രാവിലെ രാജ്യസഭയില്‍ അറിയിച്ചിരുന്നു. ഇതിനെതിരെ സഭയില്‍ വലിയ പ്രതിഷേധമാണ് പ്രതിപക്ഷ അംഗങ്ങള്‍ ഉയര്‍ത്തിയത്.

എന്‍ഡിഎ സര്‍ക്കാര്‍ കൊണ്ടു വന്ന ബില്ലുകളില്‍ എന്തു നിലപാട് സ്വീകരിക്കണമെന്ന കാര്യത്തില്‍ പ്രതിപക്ഷ നിരയിലുണ്ടായ അനൈക്യം ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും രാജ്യസഭയില്‍ ബില്ലുകള്‍ പാസ്സാക്കാന്‍ സര്‍ക്കാരിന് തുണയായി. എന്‍സിപിയും തൃണമൂല്‍ കോണ്‍ഗ്രസും വോട്ടെടുപ്പില്‍ പങ്കെടുക്കാതെ വിട്ടു നിന്നപ്പോള്‍ എന്‍ഡിഎ സഖ്യകക്ഷിയായ ജെഡിയു ബില്ലിനെതിരായി വോട്ട് ചെയ്തു.

ആഭ്യന്തരമന്ത്രി അമിത് ഷായുടെ മറുപടി പ്രസംഗത്തിന് ശേഷം ജമ്മു കശ്മീര്‍ സാമ്പത്തിക സംവരണബില്ലാണ് സഭ ആദ്യം പാസാക്കിയത്. പിന്നീട് 370-ാം വകുപ്പ് റദ്ദാക്കി കൊണ്ടുള്ള ബില്‍ പാസാക്കി. ഒടുവിലായാണ് ജമ്മു കശ്മീര്‍ വിഭജന ബില്ലും പാസാക്കിയത്. വിഭജനബില്ലില്‍ വോട്ടെടുപ്പ് വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സ്ലിപ്പ് നല്‍കി വോട്ടെടുപ്പ് നടത്തി. വോട്ടിംഗ് ബട്ടണില്‍ സാങ്കേതിക തകരാര്‍ ഉണ്ടായതിനെ തുടര്‍ന്ന് സ്ലിപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ അംഗങ്ങളോട് രാജ്യസഭാ അധ്യക്ഷന്‍ നിര്‍ദേശിച്ചു.

കാശ്മീരിലെ നിലവിലെ സാഹചര്യങ്ങളാണ് ആദ്യം ചര്‍ച്ച ചെയ്യേണ്ടതെന്ന് ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു. ഇതിനിടെ രാജ്യസഭയില്‍ പിഡിപി എംപിമാര്‍ ഭരണഘടന കീറിയെറിഞ്ഞ് പ്രതിഷേധിക്കുകയും ചെയ്തു.പിഡിപിയുടെ രാജ്യസഭാ എം.പിമാരായ നസീര്‍ അഹമ്മദും മുഹമ്മദ് ഫയാസുമാണ് ഭരണഘടന കീറിയെറിഞ്ഞത്.

തുടര്‍ന്ന് സുരക്ഷ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ഈ എം.പി മാരെ സഭയില്‍ നിന്ന് നീക്കി. ഭരണഘടന കീറിയെറിഞ്ഞതിന് പിഡിപി എംപിമാരെ പിന്നീട് രാജ്യസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. എന്നാല്‍ കശ്മീര്‍ വിഷയത്തില്‍ പ്രതിപക്ഷത്തു നിന്നും ബിഎസ്പിയും ആം ആദ്മി പാര്‍ട്ടിയും അടക്കമുള്ള പാര്‍ട്ടികള്‍ കേന്ദ്ര സര്‍ക്കാരിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

താല്‍കാലികമായി മാത്രമാണ് ജമ്മു കാശ്മീരിനെ കേന്ദ്രഭരണപ്രദേശമായി പ്രഖ്യാപിക്കുന്നതെന്നും അവിടുത്തെ ക്രമസമാധാനനില സാധാരണഗതിയിലായ ശേഷം ജമ്മു കശ്മീരിന് പൂര്‍ണ സംസ്ഥാന പദവി തിരികെ നല്‍കുമെന്നും അമിത് ഷാ വ്യക്തമാക്കി.