വൈ ഫൈ പാസ്വേര്‍ഡിനെ ചൊല്ലി തര്‍ക്കം ; സഹോദരിയെ കൊലപ്പെടുത്തിയ യുവാവിന് ജീവപര്യന്തം

വൈഫൈ പാസ്വേര്‍ഡിനെ ചൊല്ലി ഉണ്ടായ തര്‍ക്കത്തില്‍ സഹോദരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പതിനെട്ടുകാരന് ജീവപര്യന്തം ശിക്ഷ. 2018 ഫെബ്രുവരി 2 ന് ജോര്‍ജിയയിലായിരുന്നു സംഭവം നടന്നത് . കഴിഞ്ഞ ദിവസമാണ് കേസില്‍ കോടതി വിധി പ്രസ്താവിച്ചത് .

വീട്ടിലുള്ളവര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാതിരിക്കാന്‍ കാണിച്ച അതിബുദ്ധിയാണ് കൊലപാതകത്തില്‍ കലാശിച്ചത്. വീട്ടിലുള്ളവര്‍ നെറ്റ് ഉപയോഗിക്കാതിരിക്കാന്‍ 18 കാരനായ കെവോന്‍ വാട്കിന്‍സ് പാസ്വേര്‍ഡ് മാറ്റിയിരുന്നു. അത് തനിക്ക് ഗയിം കളിക്കാന്‍ വേണ്ടി നെറ്റ് ലഭിക്കണം എന്ന ഉദ്ദേശത്തോടെയായിരുന്നു.

ഒരു ദിവസം എന്തോ ആവശ്യത്തിന് ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ വേണ്ടി കേവോന്റെ അമ്മ അവനോട് പാസ്വേര്‍ഡ് ആവശ്യപ്പെട്ടു. അതില്‍ ദേഷ്യം കൊണ്ട് കെവോന്‍ അമ്മയുമായി കയര്‍ക്കുന്നുണ്ടായിരുന്നു. അമ്മയെ എന്തെങ്കിലും ചെയ്യുമോ എന്ന് ഭയന്ന് ഇടയ്ക്കു കയറിയ സഹോദരി കൊല്ലപ്പെടുകയായിരുന്നു.

ഇരുവരും തമ്മില്‍ വഴക്ക് മൂത്ത് അവസാനം കൈയ്യാംകളിയായി. എന്നാല്‍ ഇവരെ പിടിച്ചുമാറ്റുന്നതിന് പകരം അമ്മ പോലീസിനെ വിളിക്കുകയായിരുന്നു. 15 മിനിട്ടോളം സഹോദരി അലെക്‌സസിന്റെ കഴുത്തില്‍ ചുറ്റിപിടിച്ച കെവോന്‍ പൊലീസ് വന്നതിനുശേഷമാണ് പിടിവിട്ടത്. അപ്പോഴേക്കും അബോധാവസ്ഥയില്‍ നിലത്തുവീണ അലെക്‌സസിന് പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും മരണപ്പെടുകയായിരുന്നു.