സംസ്ഥാനത്ത് മഴ ശക്തം ; എറണാകുളത്ത് ചുഴലിക്കാറ്റ്

കേരളത്തില്‍ പല ഇടങ്ങളിലും മഴ ശക്തമായി. അതിനിടെ എറണാകുളം ജില്ലയിലെ വടക്കു കിഴക്കന്‍ മേഖലകളായ മഞ്ഞുമ്മല്‍, പാതാളം, ഉദ്യോഗമണ്ഡല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഉണ്ടായ ചുഴലിക്കാറ്റില്‍ വന്‍ നാശനഷ്ടമുണ്ടായി.

വയനാട് മഞ്ഞപ്പാറയില്‍ നിര്‍മാണ പ്രവര്‍ത്തിക്കിടെ മണ്ണിടിഞ്ഞ് ഒരാളെ കാണാതായി. കുറിച്യര്‍ മലയില്‍ വീണ്ടും ഉരുള്‍ പൊട്ടലുണ്ടായി. മേല്‍മുറി ഭാഗത്ത് നിന്ന് കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 9 മുതല്‍ തുടര്‍ച്ചയായ ഉരുള്‍പൊട്ടലില്‍ വന്‍ നാശമുണ്ടായ കുറിച്യര്‍ മലയിലെ മേല്‍മുറിയില്‍ രാത്രി 12.30 ഓടെയാണ് അതേ സ്ഥലത്ത് ഉരുള്‍ പൊട്ടിയത്.

കാസര്‍ക്കോട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ അതിശക്തമയ മഴക്ക് സാധ്യതയുള്ളതിനാല്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. വരുന്ന 48 മണിക്കൂറില്‍ സമാന സ്ഥിതി തുടരാനാണ് സാധ്യത. യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച വയനാട്ടില്‍ 48 മണിക്കൂര്‍ തുടര്‍ച്ചയായി അതിശക്തമായ മഴയാണ് പെയ്യുന്നത്.

ഇന്നലെ രാത്രി മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ഉരുള്‍പൊട്ടല്‍ ഭീതിയില്‍ കുറിച്യര്‍ മലയില്‍ നിന്ന് വീട്ടുകാരെ മാറ്റിപ്പാര്‍പ്പിച്ചു. അമ്പലവയല്‍ കരിങ്കുറ്റിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന റിസോര്‍ട്ടിന്റെ മണ്‍ഭിത്തിയിടിഞ്ഞ് മണ്ണിനടിയില്‍പെട്ട് തൊഴിലാളി മരിച്ചു.ബത്തേരി കുപ്പാടി സ്വദേശി കരീം ആണ് മരിച്ചത്.

സംസ്ഥാനത്ത് മണിക്കൂറില്‍ 50 കി മി വേഗത്തില്‍ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.