പരീക്ഷാ തട്ടിപ്പ് ; നടത്തിപ്പില്‍ വീഴ്ച്ച പറ്റിയിട്ടില്ല എന്ന് പിഎസ്സി ചെയര്‍മാന്‍
പിഎസ്‌സി പരീക്ഷാ നടത്തിപ്പില്‍ വീഴ്ച്ച പറ്റിയിട്ടില്ല എന്ന് പിഎസ്സി ചെയര്‍മാന്‍. 2018 ജൂണ്‍ 22 ന് നടന്ന കോണ്‍സ്റ്റബിള്‍ പരീക്ഷയുടെ റാങ്ക് പട്ടികയിലെ ആദ്യ നൂറ് റാങ്കുകാരുടെ മൊബൈല്‍ വിവരം പരിശോധിക്കുമെന്ന് പിഎസ്‌സി ചെയര്‍മാന്‍ എം കെ സക്കീര്‍ അറിയിച്ചു. ഇക്കാര്യം സൈബര്‍ സെല്ലിനോട് ആവശ്യപ്പെട്ടുവെന്ന് എം കെ സക്കീര്‍ വ്യക്തമാക്കി. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ നിയമന ഉത്തരവ് അയക്കില്ലെന്നും പൊലീസ് കേസിന് ശുപാര്‍ശ ചെയ്‌തെന്നും ചെയര്‍മാന്‍ പറഞ്ഞു.
അന്വേഷണം സത്യസന്ധമായിട്ടാണ് നടത്തിയതെന്നും പിഎസ്‌സിയുടെ വിശ്വാസ്യതയ്ക്ക് കോട്ടം തട്ടിയിട്ടില്ലെന്നും എം കെ സക്കീര്‍ കൂട്ടിച്ചേര്‍ത്തു. അന്വേഷണത്തിന്റെ ഭാഗമായി, ആരോപണവിധേയര്‍ക്കൊപ്പം പരീക്ഷയെഴുതിയ 22 പേരുടെയും മേല്‍നോട്ടം വഹിച്ചവരുടെയും മൊഴിയെടുത്തു. ക്രമക്കേട് ഇല്ലെന്നായിരുന്നു പരീക്ഷാ ഇന്‍വിജിലേറ്ററുടെ മൊഴിയെന്നും എം കെ സക്കീര്‍ പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി പ്രതികളുടെ ഫോണ്‍ വിവരങ്ങള്‍ ശേഖരിച്ചു. പല നമ്പറുകളില്‍ നിന്നും പ്രതികള്‍ക്ക് എസ്എംഎസുകള്‍ വന്നിട്ടുണ്ട്. പരീക്ഷ നടന്ന ഒന്നേകാല്‍ മണിക്കൂറിനുള്ളിലാണ് സന്ദേശങ്ങള്‍ വന്നതെന്നും എം കെ സക്കീര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പരീക്ഷാ സമയത്ത് ശിവരഞ്ജിത്തിന്റെ ഫോണിലേക്ക് രണ്ടു ഫോണുകളില്‍ നിന്നും പ്രണവിന്റെ ഫോണിലേക്ക് മൂന്നു ഫോണുകളില്‍ നിന്നും കൂട്ടമായി എസ്.എം.എസുകള്‍ എത്തി. ക്രമക്കേടിനെക്കുറിച്ച് അന്വേഷിക്കാന്‍ പോലീസില്‍ പരാതി നല്‍കും. അതേ തീയതിയില്‍ നടന്ന ഏഴു ബറ്റാലിയന്‍ പരീക്ഷകളുടെ ആദ്യ നൂറു റാങ്കുകാരുടെ ഫോണ്‍ വിശദാംങ്ങള്‍ അന്വേഷിക്കും. അതുവരെ അഡൈ്വസ് മെമ്മോ അയക്കില്ലെന്നും ചെയര്‍മാന്‍ പറഞ്ഞു.
പിഎസ്‌സി വിജിലന്‍സ് വിഭാഗം നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ നേതാക്കളായിരുന്ന മൂന്ന് പേര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷയില്‍ ക്രമക്കേട് നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയത്. പരീക്ഷസമയത്ത് ഇവര്‍ മൂന്ന് പേരും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നതായാണ് സൂചന. പരീക്ഷയുടെ ഉത്തരങ്ങള്‍ ഇവര്‍ക്ക് എസ്എംഎസായി ലഭിച്ചെന്നാണ് നിഗമനം. കേരള പൊലീസിന്റെ സൈബര്‍ വിഭാഗവുമായി സഹകരിച്ചാണ് പിഎസ്‌സി വിജിലന്‍സ് വിഭാഗം അന്വേഷണം നടത്തിയത്. പരീക്ഷാക്രമക്കേടിനെക്കുറിച്ചുള്ള അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയേക്കുമെന്നാണ് സൂചന.