ജമ്മു കശ്മീര്‍ ഭിന്നിച്ചാല്‍ രാജ്യം ഒന്നിക്കില്ല : രാഹുല്‍ ഗാന്ധി
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയാനും, സംസ്ഥാനത്തെ വിഭജിക്കാനുമുള്ള പ്രമേയത്തിലും ബില്ലുകളിന്‍മേലും തന്റെ അഭിപ്രായം വ്യക്തമാക്കി രാഹുല്‍ ഗാന്ധി.
”ജമ്മു കശ്മീരിനെ ഏകപക്ഷീയമായി വലിച്ചുകീറുന്നത്, രാജ്യത്തെ ഒന്നിപ്പിക്കില്ല. അവിടത്തെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ അറസ്റ്റ് ചെയ്യുകയും ജയിലിലിടുകയും ചെയ്യുന്നത് നമ്മുടെ ഭരണഘടനയുടെ ലംഘനമാണ്. ഈ രാജ്യമെന്നത് ഇവിടത്തെ ജനങ്ങളെക്കൊണ്ട് നിര്‍മ്മിച്ചതാണ്. അല്ലാതെ വെറും ഭൂമികളുടെ ഖണ്ഡങ്ങള്‍ കൊണ്ടല്ല. അധികാരപ്രമത്തത ഈ രാജ്യത്തിന്റെ സുരക്ഷയില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും”, രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
കശ്മീര്‍ സ്വദേശി കൂടിയായ ഗുലാംനബി ആസാദിനെ മുന്‍നിര്‍ത്തിയാണ് ഇന്നലെ കോണ്‍ഗ്രസ് പ്രതിരോധം നടത്തിയത്. ഗുലാം നബി ആസാദ്, ജനാധിപത്യത്തെ കൊലപ്പെടുത്തുകയാണ് ബില്ലുകളിലൂടെയും പ്രമേയത്തിലൂടെയും ചെയ്തതെന്ന് ഗുലാം നബി ആസാദ് ചൂണ്ടിക്കാട്ടി. ബില്ലവതരണത്തിനിടെ, കോണ്‍ഗ്രസ് അംഗങ്ങള്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും, മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു.
ഇന്നലെ രാജ്യസഭയില്‍ ബില്ല് പാസ്സാക്കപ്പെട്ടിട്ടും ഇന്നാണ് രാഹുല്‍ ഇതേക്കുറിച്ച് പ്രതികരിക്കുന്നത്. അപ്രതീക്ഷിതമായി കൊണ്ടുവരപ്പെട്ട ബില്ലിന്‍മേല്‍ ഒരു നിലപാടില്ലാതെ നട്ടം തിരിയുകയായിരുന്നു കോണ്‍ഗ്രസ്.
അതുപോലെ സോണിയാഗാന്ധിയും ഇതുവരെ ഔദ്യോഗികമായി ഒരു പ്രതികരണവും നടത്താന്‍ തയ്യാറായിട്ടില്ല. ബില്ലിന്‍മേല്‍ നിലപാട് തീരുമാനിക്കാന്‍ കോണ്‍ഗ്രസ് എംപിമാരുടെ യോഗം വിളിച്ചു. അതേസമയം, മുതിര്‍ന്ന പല നേതാക്കളും കേന്ദ്രസര്‍ക്കാരിനെ അനുകൂലിച്ച് രംഗത്തെത്തിയത് കോണ്‍ഗ്രസിന് തലവേദനയായി.