കനത്ത മഴ ; മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി
ശക്തമായ മഴയില്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ നാളെ (8-8-2019) അവധി പ്രഖ്യാപിച്ചു. ജില്ലയില്‍ തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം ശക്തമായി തുടരുകയും നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് അവധിയെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
മലപ്പുറം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍,കേന്ദ്രീയ വിദ്യാലയം, അംഗന്‍വാടികള്‍, മദ്രസകള്‍ ഉള്‍പ്പെടെയുളള മത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്കെല്ലാം അവധി ബാധകമാണ്. അതേസമയം മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമുളള പരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കുകയില്ല.
അതിനിടെ സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തിപ്പെട്ടു. വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയാണ് ഇന്നുണ്ടായത്. ഇടുക്കിയില്‍ മഴ തുടരുകയാണ്. നാളെ കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ അതിതീവ്ര മഴയുണ്ടാക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്ര മുന്നറിയിപ്പ് നല്കി.
കനത്ത മഴയില്‍ കോഴിക്കോട് ജില്ലയിലെ ഇരുവഞ്ഞിപ്പുഴ, ചാലിപ്പുഴ എന്നിവ കരകവിഞ്ഞ് ഒഴുകുകയാണ്.
നിരവധി വീടുകളിലും വെള്ളം കയറി. കൊടിയത്തൂര്‍, മുക്കം, കാരശേരി,മാവൂര്‍ പഞ്ചായത്തുകളിലെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ഫയര്‍ഫോഴ്സ് അധികൃതര്‍ മുന്നറിയിപ്പ് നല്കി.
നിരവധി വീടുകള്‍ മരം വീണ് തകര്‍ന്നു. വാഹനങ്ങള്‍ക്കും കേടുപറ്റി. വൈദ്യുതി ബന്ധവും താറുമാറായി. മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പട്ടു. എന്നാല്‍ പ്രകൃതിക്ഷോഭത്തില്‍ ആളപായമില്ല.മണിക്കടവ്, പീടികക്കുന്ന് പ്രദേശങ്ങള്‍ ഒറ്റപ്പെട്ട നിലയിലാണ്. ശ്രീകണ്ഠാപുരത്തും നിരവധി കുടുംബങ്ങള്‍ ഒറ്റപ്പെട്ടു.
വടക്കന്‍ കേരളത്തിലെ മിക്ക പുഴകളിലും ജല നിരപ്പ് ഉയര്‍ന്നു. വയനാട് കുറിച്യര്‍ മലയില്‍ ഇന്ന് പുലര്‍ച്ചെ മണ്ണിടിച്ചില്‍ ഉണ്ടായി. ഇവിടെയും ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.പാലക്കാട്ടെ അട്ടപ്പാടി,ഷോളയൂര്‍, അഗളി, നെല്ലിയാമ്പതി എന്നിവിടങ്ങളില്‍ ശക്തമായ മഴയാണ് ഇന്നു ലഭിച്ചത്. ഇടുക്കിയിലും ശക്തമായ മഴ ലഭിക്കുകയാണ്. വയനാട് ജില്ലയില്‍ 5 ക്യാമ്പുകളിലായി 92 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു.
ജില്ലയില്‍ ഇന്ന് ശരാശരി 100.9 മില്ലി മീറ്റര്‍ മഴ ലഭിച്ചതായാണ് വിവരം. ഈ മണ്‍സൂണ്‍ സീസണില്‍ വയനാട്ടില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് ഇന്നാണ്.