കഴിഞ്ഞ പ്രളയത്തിന് സമാനമായ സാഹചര്യം ഇല്ല , ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി
കഴിഞ്ഞ തവണ ഉണ്ടായത് പോലെയുള്ള സാഹചര്യം നിലവില്‍ ഇല്ലെങ്കിലും ജനങ്ങള്‍ ജാഗ്രത പുലര്‍ത്താണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.സംസ്ഥാനത്ത് തുടരുന്ന അതിതീവ്രമായ മഴ രാത്രിയോടെ ശമിക്കുമെങ്കിലും ആഗസ്റ്റ് 15ന് വീണ്ടും അതിശക്തമായി തിരികെയെത്താന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ലഭിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് 24 ഇടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി. ഇതുവരെ 22 പേര്‍ മരിച്ചതായും അദ്ദേഹം പറഞ്ഞു. കൂടാതെ, സംസ്ഥാനത്ത് 315 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നതായും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
അടുത്ത 24 മണിക്കൂര്‍ അതിശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. ആ രീതിയിലാണ് പ്രവചനം. രാത്രിയോടെ ശക്തി കുറഞ്ഞാലും മലയോര മേഖലയില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. വടക്കന്‍ കേരളത്തില്‍ ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ട്. കോഴിക്കോട്, മലപ്പുറം വയനാട് ജില്ലകളിലാണ് അതിതീവ്രമഴ ചെയ്യുന്നത്. നാളെ കഴിഞ്ഞാല്‍ മഴയുടെ തീവ്രത കുറയും. എന്നാല്‍ വീണ്ടും മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിപ്പുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മേപ്പാടിയില്‍ ഉരുള്‍പൊട്ടലുണ്ടായിടത്ത് സൈന്യം, ദേശീയ ദുരന്ത നിവാരണ സേന, പൊലീസ്, ഫയര്‍ഫോഴ്‌സ് എന്നിവരുടെ നേതൃത്വത്തില്‍ തെരച്ചില്‍ തുടരുന്നു. രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇവിടേക്ക് എത്താന്‍ സാധിച്ചിട്ടുണ്ടെങ്കിലും രക്ഷാപ്രവര്‍ത്തനത്തിന് വേണ്ട യന്ത്രങ്ങളുടെ ക്ഷാമം നേരിടുന്നുതായി മുഖ്യമന്ത്രി പറഞ്ഞു.
പുത്തുമലയുടെ മറുഭാഗത്ത് കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. ആവശ്യമെങ്കില്‍ ഇവരെ എയര്‍ ലിഫ്റ്റ് ചെയ്യും. ഇതിനായി വ്യോമസേന റെഡിയായിട്ടുണ്ട്. കഴിഞ്ഞ ദിവസം കാലാവസ്ഥ മോശമായതിനാലാണ് ഇവര്‍ക്ക് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങാന്‍ കഴിയാത്തത്. വയനാട് പുത്തുമലയില്‍ ഉരുള്‍പൊട്ടിയുണ്ടായ അപകടത്തില്‍ ഏഴ് പേരുടെ മൃതദേഹം കണ്ടെത്തി. നിലമ്പൂരിലും, ചാലക്കുടി പുഴയിലും പ്രളയ സമാന സാഹചര്യമുണ്ട്.