താന്‍ മദ്യപിച്ചിരുന്നില്ല എന്ന് ശ്രീറാം ; പൊലീസ് മൊഴി രേഖപ്പെടുത്തി
താന്‍ മദ്യപിച്ചല്ല കാര്‍ ഓടിച്ചതെന്നു ശ്രീറാം വെങ്കിട്ടരാമന്‍ ഹൈക്കോടതിയില്‍. രക്തപരിശോധനയില്‍ മദ്യത്തിന്റെ അംശം കണ്ടെത്താന്‍ ആയിട്ടില്ല. കസ്റ്റഡിയില്‍ ചോദ്യം ചെയ്യണ്ട സാഹചര്യം നിലനില്‍ക്കുന്നില്ല. അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണ്. ജാമ്യം റദ്ദാക്കുന്നത് അത്യപൂര്‍വ സാഹചര്യം ഉള്ളപ്പോള്‍ മാത്രമാണെന്ന് ശ്രീറാം ഹൈക്കോടതിയില്‍ പറഞ്ഞു.
തനിക്കെതിരെ നടക്കുന്നത് മാധ്യമ വിചാരണ എന്ന് ശ്രീറാം കോടതിയില്‍ പറഞ്ഞു. കാറിന്റെ ഇടത് ഭാഗമാണ് തകര്‍ന്നത് കൂടെ സഞ്ചരിച്ച യാത്രക്കാരിക്ക് പരിക്കും ഇല്ല ഇത് എങ്ങനെയെന്ന് പോലീസ് പരിശോധിക്കണമെന്നും ശ്രീറാം കോടതിയില്‍ ആവശ്യപ്പെട്ടു. വണ്ടി ഓടിച്ചത് ശ്രീറാം അല്ല എന്നാണോ പറയുന്നതെന്ന് ചോദിച്ച കോടതിയോട് അത് അന്വേഷണ സംഘം വ്യക്തമാക്കട്ടെ എന്ന് ശ്രീറാം മറുപടി നല്‍കി.
അതേസമയം ശ്രീറാം കാര്‍ ഓടിച്ചത് അമിത വേഗത്തിലാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. മദ്യപിച്ചില്ലെങ്കിലും നരഹത്യ വകുപ്പ് നിലനില്‍ക്കും എന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. അപകടം ഉണ്ടാകാന്‍ സാധ്യത ഉള്ള കാര്യം അയാള്‍ക്ക് അറിയാമായിരുന്നുവെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അതേസമയം പോലീസിന്റെ വീഴ്ചയാണ് അപകടം നടന്ന സമയം ശ്രീറാമിന്റെ വൈദ്യ പരിശോധന നടത്താതെ ഇരുന്നത് എന്ന് കോടതി തന്നെ ആരോപിച്ചിരുന്നു. അപകടം നടന്നു ഒന്‍പതു മണിക്കൂര്‍ കഴിഞ്ഞാണ് ശ്രീറാം വൈദ്യ പരിശോധന നടത്തിയത്.