അട്ടപ്പാടിയില്‍ ഉരുള്‍ പൊട്ടല്‍ ; കുടുംബങ്ങള്‍ കുടുങ്ങി കിടക്കുന്നു എന്ന് റിപ്പോര്‍ട്ട്

അട്ടപ്പാടി കുറവന്‍പാടിയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍. പന്ത്രണ്ടോളം കുടുംബങ്ങള്‍ കുടുങ്ങി കിടക്കുന്നു. കുറവന്‍പാടി ഉണ്ണിമലയിലെ കുടുംബങ്ങളാണ് കുടുങ്ങി കിടക്കുന്നത്. റോഡ് തകര്‍ന്നതിനാല്‍ ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനാവുന്നില്ല. പ്രദേശം ഇപ്പോള്‍ ഒറ്റപ്പെട്ട സ്ഥിതിയിലാണ്.

മണ്ണാര്‍കാട് വഴിയുള്ള ചുരം പൂര്‍ണമായും വെള്ളത്തിനടിയിലാണ്. മരം വീണതിനെ തുടര്‍ന്ന് റോഡ് ഗതാഗതം തടസപെട്ടിരിക്കുകയാണ്. കേന്ദ്രസേനയ്ക്കുള്‍പ്പെടെ കുറവന്‍പാടിയിലേക്ക് എത്തിപ്പെടാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ആളുകള്‍ സുരക്ഷിതരാണെന്നാണ് സൂചന. ചിലര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്. നാട്ടുകാര്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറംലോകമറിയുന്നത്.

അതേസമയം പ്രളയക്കെടുതി രൂക്ഷമായതോടെ രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ സൈനികരെ വിന്യസിച്ചു. ഏറ്റവുമൊടുവില്‍ ലഭിക്കുന്ന വിവരങ്ങളനുസരിച്ച് ഒമ്പത് കോളം സൈന്യത്തെയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചിരിക്കുന്നത്.

കണ്ണൂരില്‍ നിന്ന് ഓരോ കോളം സൈന്യത്തെ വീതം വയനാട്, കണ്ണൂര്‍, ഇരിട്ടി, കോഴിക്കോട്, താമരശ്ശേരി എന്നിവിടങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. ഒരു കോളം സൈന്യത്തെ കുടകിലെ വിരാജ് പേട്ടിലും വിന്യസിച്ചിട്ടുണ്ട്. ഓരോ കോളത്തിലും അറുപത് സൈനികര്‍ വീതമാണുള്ളത്.

തിരുവനന്തപുരം പാങ്ങോട് മിലിട്ടറി ക്യാമ്പില്‍ നിന്ന് മൂന്ന് കോളം സൈന്യത്തെ ആലപ്പുഴ, പത്തനംതിട്ട, എറണാകുളം എന്നിവിടങ്ങളിലേക്ക് നിയോഗിച്ചു. പാങ്ങോട് നിന്ന് പോയിരിക്കുന്ന ഓരോ സംഘത്തിലും 62 സൈനികര്‍ വീതമാണുള്ളത്.