പ്രളയവും ഉരുള്‍ പൊട്ടലും ; മരണം 47 ആയി , മഴ തുടരുമെന്ന് അറിയിപ്പ്
തിങ്കളാഴ്ചവരെ സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. മഴ ശക്തമാവുന്ന സാഹചര്യത്തില്‍ ചെറിയ ഡാമുകള്‍ തുറക്കേണ്ടി വരുമെന്ന് മന്ത്രി എം.എം മണി പറഞ്ഞു. മഴക്കെടുതിയില്‍ രണ്ട് ദിവസങ്ങളിലായി ഇതുവരെ 47 പേര്‍ മരിച്ചതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. മരണസംഖ്യ ഇനിയും കൂടും. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് മഴ കനത്ത നാശനഷ്ടങ്ങളുണ്ടാക്കിയത്.
കാലവര്‍ഷത്തിലെ ഏറ്റവും വലിയ ദുരന്തം സംഭവിച്ചത് കവളപ്പാറയിലാണ്. നിലമ്പൂര്‍ ഭൂദാനം കവളപ്പാറയില്‍ ഉണ്ടായ വന്‍ ഉരുള്‍പൊട്ടലില്‍ മലയുടെ താഴ്വാര പ്രദേശമായ ഒരു ഗ്രാമം ഒന്നായി ഒലിച്ചുപോയതായാണ് റിപ്പോര്‍ട്ട്.
അന്‍പതിലേറെ പേരെ കാണാതായി എന്നാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം. ദുരന്തം നടന്ന സ്ഥലത്ത് എഴുപതോളം വീടുകളാണുണ്ടായിരുന്നത്. ഇന്നലെ രാത്രി എട്ടിനാണ് ഉരുള്‍പൊട്ടിയത്. വാര്‍ത്താവിനിമയ ബന്ധങ്ങളെല്ലാം തകരാറിലായതും കനത്ത മഴയും പ്രദേശത്തെ രക്ഷാപ്രവര്‍ത്തനം അസാധ്യമാക്കി. ഇന്ന് ഉച്ചയോടെ മാത്രമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് പ്രദേശത്തെത്താന്‍ സാധിച്ചത്.
പ്രദേശത്തെ അമ്പതിലതികം വീടുകള്‍ മണ്ണിനടിയില്‍പെട്ടതായി പി.വി അന്‍വര്‍ എം.എല്‍.എ പറഞ്ഞു. ഒരു പ്രദേശം ഒന്നാകെ ഉരുള്‍പൊട്ടലില്‍ ഒലിച്ച് പോയി മണ്ണില്‍ അമരുകയായിരുന്നു. സംസ്ഥാനത്ത് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി തുടരുകയാണെന്നും ദുരിതമനുഭവിക്കുന്ന സ്ഥലങ്ങളിലെ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നതിനായി 22.50 ലക്ഷം ജില്ലകള്‍ക്കായി അനുവദിച്ചിട്ടുള്ളതായും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
വിവിധ സ്ഥലങ്ങളിലെ രക്ഷാപ്രവര്‍ത്തനത്തിനായി ദേശീയ ദുരന്തനിവാരണ സേനയുടെ 12 ടീമിനെ വിന്യസിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. റെഡ് അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ അതിതീവ്ര മഴയ്ക്കുള്ളസാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അതായത് 24 മണിക്കൂറില്‍ 204 മില്ലി മീറ്ററില്‍ കൂടുതല്‍ മഴയാണ് പ്രതീക്ഷിക്കുന്നത്.