കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്നും വേണ്ടത് സമാധാനം എന്നും താലിബാന്‍
കശ്മീരില്‍ വിഷയത്തില്‍ അഭിപ്രായം രേഖപ്പെടുത്തി താലിബാന്‍. സംഘര്‍ഷം ഉണ്ടാക്കുന്ന പ്രവര്‍ത്തികളില്‍ നിന്നും ഇന്ത്യയും പാകിസ്ഥാനും പിന്‍മാറാണമെന്ന് താലിബാന്‍ അറിയിച്ചു. കശ്മീരിന് പ്രത്യേക അധികാരം നല്‍കിയിരുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞ ഇന്ത്യന്‍ സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ പാകിസ്ഥാന്‍ രംഗത്ത് എത്തിയതിന് പിന്നാലെയാണ് താലിബാന്റെ സമാധാന ആഹ്വാനം.
താലിബാന്‍ വക്താവ് സബിഹുള്ള മുജാഹിദ് ആണ് കാബൂളില്‍ പ്രസ്താവന ഇറക്കിയത്. കാശ്മീരില്‍ ഇപ്പോള്‍ ഉണ്ടായ സംഭവങ്ങള്‍ സംഘര്‍ഷത്തിനും, കാശ്മീര്‍ പ്രശ്‌നം സങ്കീര്‍ണ്ണമാക്കുന്നതിലേക്കും നയിച്ചേക്കും. മാത്രമല്ല കാശ്മീരികളുടെ അവകാശങ്ങളെ ഇത് ബാധിക്കുമെന്നും താലിബാന്‍ പറയുന്നു. നിരവധി സംഘര്‍ഷങ്ങളും യുദ്ധങ്ങളും ഉണ്ടാക്കിയ അനുഭവത്തില്‍ നിന്നും ഞങ്ങള്‍ ഈ പ്രദേശിക വിഷയത്തിന് സമാധാനത്തിലൂടെ യുക്തിപരമായ പരിഹാരം കാണുവനാണ് താല്‍പ്പര്യപ്പെടുന്നതെന്നും താലിബാന്‍ പറയുന്നു.
അതേ സമയം അടുത്തിടെ കശ്മീര്‍ വിഷയത്തെ അഫ്ഗാന്‍ പ്രശ്‌നങ്ങളോട് താരതമ്യപ്പെടുത്തിയ പാകിസ്ഥാന്റെ അഫ്ഗാനിസ്ഥാന്‍ സ്ഥാനപതിയുടെ വാക്കുകളെ കണക്കിലെടുത്ത് താലിബാന്‍ മറുപടി പറയുന്നു. ചില കക്ഷികള്‍ കശ്മീര്‍ വിഷയത്തെ അഫ്ഗാന്‍ വിഷയവുമായി താരതമ്യപ്പെടുത്തുന്നുണ്ട്. എന്നാല്‍ മറ്റൊരു രാജ്യവുമായുള്ള പ്രശ്‌നത്തില്‍ അഫ്ഗാനിസ്ഥാനെ വലിച്ചിഴയ്‌ക്കേണ്ട ആവശ്യമില്ലെന്ന് താലിബാന്‍ പാകിസ്ഥാന് പ്രസ്താവനയില്‍ താക്കീത് നല്‍കുന്നു.
അതേ സമയം അന്താരാഷ്ട്രതലത്തിലുള്ള കക്ഷികളും സ്ഥാപനങ്ങളും കശ്മീര്‍ വിഷയത്തില്‍ ഇടപെടണം എന്നും താലിബാന്‍ പറയുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുന്നതും, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതുമായ നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ എടുത്തത്. ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.