മഴ ശക്തം ; നെടുമ്പാശ്ശേരി വിമാനത്താവളം ഞായറാഴ്ചവരെ അടച്ചു

മഴ ശക്തമായതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം ഞായറാഴ്ചവരെ അടച്ചിടാന്‍ തീരുമാനം. വെള്ളിയാഴ്ച രാവിലെ 9 മണിവരെ വിമാനത്താവളം അടച്ചിടുമെന്നായിരുന്നു മുന്‍പ് അറിയിപ്പ് ഉണ്ടായിരുന്നത്. എന്നാല്‍, റണ്‍വേയില്‍ അടക്കം പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ മറ്റന്നാള്‍ വരെ വിമാനത്താവളം അടയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

റണ്‍വെയില്‍ വെള്ളം കയറിയതിനാലാണ് വിമാനത്താവളം അടച്ചത്. മഴ മാറിയാല്‍ ഞായറാഴ്ച 3 മണിമുതല്‍ സര്‍വീസ് പുനരാരംഭിക്കുമെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചു. അതുവരെ കൊച്ചിയിലേക്ക് വരുന്ന വിമാനങ്ങള്‍ വഴിതിരിച്ച് വിടാനാണ് തീരുമാനം.

വ്യാഴാഴ്ച വിമാനത്താവളത്തില്‍ ഇറങ്ങാന്‍ അനുവദിക്കാതെ മൂന്നു വിമാനങ്ങള്‍ തിരിച്ചുവിട്ടിരുന്നു. ദുബായില്‍നിന്ന് എത്തിയ എമിറേറ്റ്‌സ് എയര്‍ലൈന്‍സ്, അബുദാബിയില്‍നിന്നു വന്ന ഇത്തിഹാദ്, ദോഹയില്‍നിന്നുള്ള ഖത്തര്‍ എയര്‍വെയ്‌സ് വിമാനങ്ങളാണ് ഇന്നലെ പുലര്‍ച്ചെ കോഴിക്കോട്, തിരുവനന്തപുരം വി മാനത്താവളങ്ങളിലേക്കു തിരിച്ചുവിട്ടത്. എന്നാല്‍, ഇന്നലെ പകല്‍ സമയത്തു വിമാനങ്ങള്‍ തടസമില്ലാതെയിറങ്ങി.

കനത്ത മഴ തുടരുന്നതിനാല്‍ വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ ഇനിയും താളംതെറ്റാന്‍ സാധ്യതയുണ്ട്. മഴവെള്ളം ഒഴുകിപ്പോകുന്നതിനുള്ള തടസങ്ങളാണു പ്രശ്‌നമുണ്ടാക്കുന്നത്. റണ്‍വേ അടക്കം രാത്രിയില്‍ പെയ്ത കനത്ത മഴയില്‍ മുങ്ങിയിരിയ്ക്കുകയാണ്.

കഴിഞ്ഞ പ്രളയത്തില്‍ റണ്‍വേയിലടക്കം വെള്ളം കയറിയതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചിട്ടിരുന്നു. ഇപ്പോള്‍ കൊച്ചി വ്യാമയാന വിമാനത്താവളം വഴി വിമാന സര്‍വീസ് നടത്തുന്നതിന് ആലോചനയുണ്ട് എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

കൊച്ചി രാജ്യാന്തര വിമാനത്താവളം എമര്‍ജന്‍സി നമ്പര്‍- 0484 3053500