ഇടുക്കി ഡാം ; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റ്

മഴ കനത്ത വേളയില്‍ ഇടുക്കി ഡാമിലെ ജലനിരപ്പിനെ സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണ് എന്ന് കെഎസ്ഇബി. ഇടുക്കി ഉള്‍പ്പെടെയുളള വന്‍കിട ഡാമുകള്‍ തുറന്നുവിട്ടു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് കെഎസ്ഇബി വിശദീകരിച്ചു. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ കെഎസ്ഇബി അറിയിച്ചു.

‘KSEB യുടെ ഇടുക്കി, പമ്പ, കക്കി, ഷോളയാര്‍, ഇടമലയാര്‍, കുണ്ടള, മാട്ടുപ്പെട്ടി എന്നീ വന്‍കിട ഡാമുകളിലെല്ലാം കൂടി നിലവില്‍ 30% ത്തില്‍ താഴെ വെള്ളമേയുള്ളൂ. (ഇടുക്കിയില്‍ വെറും 30% മാത്രമാണ് ഇന്നത്തെ ജലനിരപ്പ്) ഈ ഡാമുകള്‍ എല്ലാം തുറന്നു വിട്ടു എന്ന നിലയില്‍ വ്യാജ പ്രചാരണം സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്നതായി ശ്രദ്ധയില്‍പ്പെ ട്ടിട്ടുണ്ട്. ചില ചെറുകിട ഡാമുകള്‍ മാത്രമാണ് തുറന്നു വിടേണ്ടി വന്നിട്ടുള്ളത്. മൊത്തത്തില്‍ ഡാമുകള്‍ തുറന്നു വിട്ടു എന്ന രീതിയിലുള്ള സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നു.’- ഫേസ്ബുക്ക് പോസ്റ്റിലൂടെ കെഎസ്ഇബി പറയുന്നു.

നിലവില്‍ വലിയ ഡാമുകള്‍ തുറക്കേണ്ട സാഹചര്യമില്ലെന്ന് വൈദ്യുത മന്ത്രി എംഎം മണിയും പ്രതികരിച്ചു. നിലവില്‍ ആശങ്ക വേണ്ടെന്നും അതിതീവ്ര മഴ തുടര്‍ന്നാല്‍ മാത്രമേ ഡാമുകള്‍ തുറക്കേണ്ട സാഹചര്യം ഉള്ളൂ എന്ന് മുഖ്യമത്രി പിണറായി വിജയനും അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഡാമുകള്‍ തുറന്നപ്പോള്‍ ഉള്ള വീഡിയോ ഫോട്ടോ എന്നിവ ചേര്‍ത്താണ് പലരും ഇത്തരത്തില്‍ വ്യാജമായ വാര്‍ത്തകള്‍ പടച്ചു വിടുന്നത്.