ദേശീയ ചലച്ചിത്ര അവാര്‍ഡ് ; തമിഴ് സിനിമയെ പൂര്‍ണ്ണമായും തഴഞ്ഞു ; സോഷ്യല്‍ മീഡിയയില്‍ ശക്തമായ എതിര്‍പ്പ്

തമിഴ് മലയാളം സിനിമകളെ ഒഴിവാക്കി പ്രഖ്യാപിച്ച അറുപത്തിയാറാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ക്ക് എതിരെ സോഷ്യല്‍ മീഡിയയില്‍ ശക്തമായ എതിര്‍പ്പ്. ബോളിവുഡ് സിനിമകള്‍ക്ക് മാത്രം മുന്‍ഗണന ലഭിച്ച അവാര്‍ഡ് പ്രഖ്യാപനത്തില്‍ നാല് അവാര്‍ഡുകളില്‍ ഒതുങ്ങി മലയാള സിനിമ. അതേസമയം തമിഴ് സിനിമയെ പൂര്‍ണ്ണമായും ഒഴിവാക്കുകയും ചെയ്തു. എടുത്തു പറയാന്‍ ഒരു അവാര്‍ഡ് പോലും തമിഴ് സിനിമയ്ക്ക് ലഭിച്ചില്ല എന്നത് ശ്രദ്ധേയം.

മഹാനടി എന്ന തെലുങ്ക് ചിത്രത്തിലെ അഭിനയത്തിന് കീര്‍ത്തി സുരേഷ് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. എം ജെ രാധാകൃഷ്ണനാണ് മികച്ച ഛായാഗ്രാഹകന്‍. ഓള് എന്ന ചിത്രത്തിന്റെ ഛായാഗ്രാഹണത്തിനാണ് അദ്ദേഹത്തിന് പുരസ്‌കാരം ലഭിച്ചത്. കൂടാതെ ജോസഫ് എന്ന ചിത്രത്തിലെ അഭിനയത്തിന് ജോജുവിന് മികച്ച നടനുള്ള പ്രത്യേക പരാമര്‍ശം നേടി. സുഡാനി ഫ്രം നൈജിരിയയിലെ അഭിനയത്തിനു സാവിത്രിയും മികച്ച നടിക്കുള്ള പ്രത്യേക പരാമര്‍ശം ലഭിച്ചു. സുഡാനി ഫ്രം നൈജീരിയയാണ് മികച്ച മലയാള ചിത്രം. അതുപോലെ കമ്മാരസംഭവത്തിനു മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍ എന്ന കാറ്റഗറിയില്‍ അവാര്‍ഡ് ലഭിച്ചു.

ഇത്രയും കഴിഞ്ഞാല്‍ ബാക്കിയുള്ള അവാര്‍ഡുകള്‍ മുഴുവന്‍ ബോളിവുഡ് ചിത്രങ്ങള്‍ കൊണ്ടുപോവുകയായിരുന്നു. മികച്ച നടന്‍ , സിനിമ , സംഗീതം എന്ന് വേണ്ട എല്ലാ അവാര്‍ഡുകളും ബോളിവുഡ് സിനിമകള്‍ കൈക്കലാക്കി. അതിനേക്കാള്‍ ഏറെ ശ്രദ്ധേയമായത് ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച ചിത്രങ്ങളായി ലോകം വാഴ്ത്തിയ പേരന്പ്, പാരിയേറും പെരുമാള്‍ എന്നീ ചിത്രങ്ങളെ പറ്റി ഒരു പരാമര്‍ശം പോലും ഉണ്ടായില്ല എന്നതാണ്. തമിഴ് സിനിമയെ തന്നെ പൂര്‍ണ്ണമായും ഒഴിവാക്കിയ ഒരു അവാര്‍ഡ് പ്രഖ്യാപനമാണ് നടന്നത് എന്ന് വ്യക്തം.

ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍

മികച്ച നടന്‍: ആയുഷ്മാന്‍ ഖുറാന, വിക്കി കൌശല്‍

മികച്ച സംവിധായകന്‍: ആദിത്യ ധര്‍ (ഉറി: ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക്)

മികച്ച നടി: കീര്‍ത്തി സുരേഷ് (മഹാനടി)

മികച്ച നടനുള്ള പ്രത്യേക പരാമര്‍ശം: ജോജു

മികച്ച ഛായാഗ്രാഹകന്‍: എം ജെ രാധാകൃഷ്ണന്‍ (ഓള്)
മികച്ച ജനപ്രിയ സിനിമ: ബധായി ഹോ
മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍: കമ്മാരസംഭവം

സാമൂഹ്യ പ്രതിബദ്ധതയുള്ള ചിത്രം: പാഡ് മാന്‍
സിനിമ സൌഹൃദ സംസ്ഥാനം- ഉത്തരാഖണ്ഡ്

മികച്ച ഹിന്ദി ചിത്രം : അന്ധാദുന്‍

മികച്ച മലയാള ചിത്രം: സുഡാനി ഫ്രം നൈജീരിയ

മികച്ച നടിക്കുള്ള പ്രത്യേക പരാമര്‍ശം: ശ്രുതി ഹരിഹരന്‍, സാവിത്രി

മികച്ച പരിസ്ഥിതി സിനിമ: ദ വേള്‍ഡ്‌സ് മോസ്റ്റ് ഫേമസ് ടൈഗര്‍

മികച്ച അവലംബിത തിരക്കഥ: ശ്രിരാം രാഘവന്‍, അരിജിത് ബിശ്വാസ്, പൂജ, യോഗേഷ് ചന്ദ്രേഖര്‍ (അന്ധാദുന്‍)