ഉണ്ടായത് ഓര്‍മ്മയിലെ ഏറ്റവും വലിയ പേമാരി എന്ന് പി.സി.ജോര്‍ജ്

പൂഞ്ഞാര്‍ : തന്റെ ഓര്‍മ്മയിലെ ഏറ്റവും ഭീകരമായ മലവെള്ളപാച്ചിലാണ് ഈ കഴിഞ്ഞ ദിവസം ഉണ്ടായതെന്ന് പൂഞ്ഞാര്‍ എം.എല്‍.എ പി.സി.ജോര്‍ജ്. ദുരിത ബാധ്യത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ഇത് പോലെ വലിയ തോതില്‍ മലവെള്ളം ഒഴുകി വന്ന ഒരു കാലഘട്ടം ഉണ്ടായിട്ടില്ല.

കഴിഞ്ഞ വര്‍ഷം ഉണ്ടായ വലിയ പ്രളയത്തേക്കാളും ഭീകരമായിരുന്നു ഈ തവണത്തേത്.പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ പ്രകൃതി ക്ഷോഭം മൂലം ജീവഹാനി സംഭവിച്ചിട്ടില്ലാ എന്നത് ഏറെ ആശ്വാസകരമാണ്.വസ്തുവകകളും,വീടും,കൃഷിയും വ്യാപകമായി നശിച്ചിട്ടുണ്ട്.തീക്കോയി പഞ്ചായത്തിലെ കാരികാട്,ഒറ്റയീട്ടി,മംഗളഗിരി,വേലത്തുശ്ശേരി തുടങ്ങിയ സ്ഥലങ്ങളില്‍ മണ്ണിടിച്ചില്ലും ,ചെറിയതോതിലുള്ള ഉരുള്‍പൊട്ടലുകളുമാണ് ഉണ്ടായിട്ടുള്ളത്.കൂട്ടിക്കല്‍ പഞ്ചായത്തിലും വ്യാപകമായ മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ട്.

ഏറ്റവും വലിയ ദുരന്തമുണ്ടായിരിക്കുന്നത് കോരുത്തോട്,എരുമേലി പഞ്ചായത്തിലെ കണമല ഉള്‍പ്പടെയുള്ള മേഖലകളിലാണ്.രണ്ട് പാലങ്ങള്‍ ഈ മേഖലയില്‍ നഷ്ടപെട്ടിട്ടുണ്ട്.വളരെ വ്യാപകമായ കൃഷിനാശവും ഉണ്ടായിട്ടുണ്ട്.കഴിഞ്ഞ വര്‍ഷം ഉണ്ടായ പ്രളയ ദുരന്തത്തിന് ശേഷമുള്ള പരിഹാര നടപടികളിലേക്ക് പൂര്‍ണ്ണമായി കടക്കുന്നതിന് മുമ്പാണ് അടുത്ത ദുരന്തം ഉണ്ടായിരിക്കുന്നത്.

ദുരിതബാധിതര്‍ക്ക് സഹായം എത്തിക്കുന്നതിനും,തകര്‍ന്ന റോഡുകളും പാലങ്ങളും പുനര്‍നിര്‍മ്മിക്കുന്നതിനും,കൃഷി നാശം സംഭവിച്ച കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ഉറപ്പുവരുത്തുന്നതിനും സര്‍ക്കാര്‍ അടിയിന്തര നടപടികള്‍ സ്വീകരിക്കണമെന്ന് പി.സി.ജോര്‍ജ് ആവശ്യപെട്ടു.കുടാതെ പ്രളയ ദുരന്തത്തിന്റെ നഷ്ടം കണക്കാക്കി കേന്ദ്ര സര്‍ക്കാരില്‍ നിന്നും അര്‍ഹതപെട്ട സഹായങ്ങള്‍ നേടിയെടുക്കാന്‍ മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ശ്രമമുണ്ടാകണമെന്നും എം.എല്‍.എ. പറഞ്ഞു.ഈരാറ്റുപേട്ട – വാഗമണ്‍ റോഡില്‍ മണ്ണിടിച്ചില്‍ മൂലം ഉണ്ടായ തടസ്സങ്ങള്‍ നീക്കിയതായും അദ്ദേഹം അറിയിച്ചു..