മഴക്കെടുതിയില്‍ മരണം 32 ആയി ; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു
സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 32 ആയി . ഇന്ന് മാത്രം 21 പേര്‍ മരിച്ചതായാണ് വിവരം. പലയിടങ്ങളിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. അതിനിടെ കോഴിക്കോട് വീണ്ടും ഉരുള്‍പൊട്ടലുണ്ടായി. പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. വയനാട് മേപ്പാടിയില്‍ ഇന്നലെയുണ്ടായ ഉരുള്‍പൊട്ടലില്‍ എട്ട് പേര്‍ മരിച്ചു. മലപ്പുറം എടവണ്ണയില്‍ ആറ് മരണവും റിപ്പോര്‍ട്ട് ചെയ്തു. വടകര വിലങ്ങാട്ടില്‍ ഉരുള്‍പൊട്ടി നാല് പേര്‍ മരിച്ചു. കുറ്റ്യാടിയില്‍ ഒഴുക്കില്‍പെട്ട് രണ്ട് പേര്‍ മരിച്ചു. വടകരയില്‍ ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വീടിനുള്ളില്‍ നിന്ന് രക്ഷാപ്രവര്‍ത്തകര്‍ രണ്ട് കുട്ടികളെ രക്ഷപ്പെടുത്തി. കാണാതായ രണ്ട് പേര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു.
ഇരുപത്തിരണ്ടായിരം പേര്‍ വിവിധയിടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. വയനാട്ടിലാണ് ഏറ്റവും അധികം ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത്. പതിനായിരത്തോളം പേര്‍ വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നതായാണ് വിവരം. ബാണാസുര സാഗര്‍ അണക്കെട്ടില്‍ വെള്ളം ക്രമാധീതമായി ഉയരുകയാണ്. അടിയന്തര സേവനത്തിന് കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. കക്കയം ഡാമിലും വെള്ളം ഉയരുകയാണ്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി.
കനത്തമഴയെ തുടര്‍ന്ന് സംസ്ഥാനത്തെ ഒന്‍പത് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും കൊല്ലത്തും തിരുവനന്തപുരത്തും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് റെഡ് അലര്‍ട്ടുള്ള ജില്ലകളില്‍ എല്ലാം നാളെ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
രാവിലെ ഒന്‍പത് മണിക്ക് സംസ്ഥാനത്തെ കാലാവസ്ഥ വിലയിരുത്തിയാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട് പ്രഖ്യാപിച്ചത്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. നിലവില്‍ കടുത്ത കാലവര്‍ഷക്കെടുതി നേരിടുന്ന വയനാട്, മലപ്പുറം എന്നീ ജില്ലകളില്‍ വീണ്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതും തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന പ്രവചനവും ആശങ്ക ഇരട്ടിപ്പിക്കുന്നു.