മമ്മൂട്ടിയെ തഴഞ്ഞു ; ജൂറി ചെയര്‍മാന്റെ ഫേസ്ബുക്കില്‍ ആരാധകരുടെ പൊങ്കാല

നാഷണല്‍ അവാര്‍ഡ് പ്രഖ്യാപനത്തിനു പിന്നാലെ വിവാദങ്ങളും തലപൊക്കി. പൂര്‍ണ്ണമായും ബോളിവുഡ് സിനിമകള്‍ക്ക് മാത്രം പ്രാധാന്യം നല്‍കി ഒരുക്കിയ അവാര്‍ഡ് ദാനത്തില്‍ തമിഴ് മലയാളം സിനിമകള്‍ പൂര്‍ണ്ണമായും ഒഴിവാക്കപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ആരാധകര്‍ ജൂറി ചെയര്‍മാന് മെയിലിലൂടെ പ്രതികരണം അറിയിച്ചത്. ഇതിനെ പറ്റി ചെയര്‍മാന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ഇട്ടതോടെ ഫേസ്ബുക്കില്‍ പൊങ്കാല ആരംഭിക്കുകയായിരുന്നു.

മമ്മൂട്ടിയ്ക്കുള്ള സന്ദേശം എന്ന നിലയിലായിരുന്നു ജൂറി ചെയര്‍മാന്‍ രാഹുല്‍ രവൈലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ‘മിസ്റ്റര്‍ മമ്മൂട്ടി, നിങ്ങളുടെ ആരാധകരില്‍ നിന്നും, അല്ലെങ്കില്‍ ആരാധക്കൂട്ടം എന്ന് വിളിക്കപ്പെടുന്നവരില്‍ നിന്നും ഒട്ടേറെ വിദ്വേഷ മെയിലുകള്‍ എനിക്ക് വരുന്നുണ്ട്. പേരന്‍പിലെ അഭിനയത്തിനു പുരസ്‌കാരം നല്‍കാത്തതെന്ത് എന്ന ചോദ്യത്തോടെയായിരുന്നു മെയിലുകള്‍. ഇക്കാര്യത്തില്‍ എന്റെ ഭാഗം ഞാന്‍ പറയട്ടെ. ഒന്നാമതായി, ജൂറി തീരുമാനത്തെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ല. രണ്ടാമതായി, നിങ്ങള്‍ പറയുന്ന പേരന്‍പ് പ്രാദേശിക പാനല്‍ തള്ളിക്കളഞ്ഞതാണ്. അതുകൊണ്ട് തന്നെ സെന്‍ട്രല്‍ പാനലിലേക്ക് സിനിമ വന്നിട്ടില്ല. നിങ്ങള്‍ ആരാധകര്‍ ഇക്കാര്യത്തില്‍ തല്ലുപിടിക്കുന്നത് നിര്‍ത്തണം.’- രവൈല്‍ തന്റെ ആദ്യ പോസ്റ്റിലൂടെ പറഞ്ഞു.

ഇത് കണ്ട ആരാധകര്‍ പൊങ്കാലയുടെ ആക്കം കൂട്ടുകയായിരുന്നു. എന്നാല്‍ അവസാന റൗണ്ട് വരെ പേരന്പ് എന്ന സിനിമ ഉണ്ടായിരുന്നു എന്നും എന്നാല്‍ ഇന്റര്‍വെല്‍ കഴിഞ്ഞു ചിത്രത്തിന്റെ ഇഴച്ചില്‍ കാരണമാണ് ജൂറി സിനിമ തള്ളിയത് എന്നുമാണ് കേരളത്തില്‍ നിന്നുള്ള ജൂറി അംഗമായ മേജര്‍ രവി പ്രതികരിച്ചത്. ഇതും ചോദ്യങ്ങള്‍ക്ക് ഇട നല്‍കുന്നു. ഷാരൂഖ് ഖാന്‍ അഭിനയിച്ച അഞ്ചാം അതുപോലെ അര്‍ജുന്‍ എന്നിങ്ങനെയുള്ള ആക്ഷന്‍ ലവ് ഡ്രാമ സിനിമകള്‍ സംവിധാനം ചെയ്തിട്ടുള്ള വ്യക്തിയാണ് ജൂറി ചെയര്‍മാനായ രാഹുല്‍. തന്റെ സിനിമകളുടെ തിരഞ്ഞെടുപ്പ് രീതി തന്നെയാണ് അവാര്‍ഡ് നല്‍കുന്നതിലും ജൂറി ചെയര്‍മാന്‍ കൈക്കൊണ്ടത് എന്ന് അവാര്‍ഡ് ലഭിച്ച സിനിമകളുടെ ലിസ്റ്റ് കാണുമ്പോള്‍ തന്നെ വ്യക്തമാണ്.

പേരന്പ് മാത്രമല്ല തമിഴ് സിനിമയെ തന്നെ പൂര്‍ണ്ണമായും തള്ളുന്ന തരത്തിലാണ് അവാര്‍ഡ് പ്രഖ്യാപനം ഉണ്ടായത്. ഇതിനിടെ മമ്മൂട്ടിക്ക് അവാര്‍ഡ് കിട്ടാത്തത് നന്നായി എന്ന പേരില്‍ ചില മോഹന്‍ലാല്‍ ഫാന്‍സ് കമന്റ് ഇട്ടത് പോസ്റ്റിനു താഴെ ഫാന്‍ ഫൈറ്റിനു കാരണമായി കഴിഞ്ഞു.