വടക്കന്‍ കേരളത്തില്‍ വൈദ്യുതി ബന്ധം പൂര്‍ണമായി നിലച്ചു

വടക്കന്‍ കേരളത്തില്‍ വൈദ്യുതി ബന്ധം പൂര്‍ണമായി നിലച്ചു. കക്കയം പവര്‍ ഹൗസിന്റെ മുകളില്‍ വലിയ ഉരുള്‍പൊട്ടലുണ്ടായത് പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. കക്കയം ഡാമിന്റെ വൃഷ്ടിപ്രദേശത്ത് കനത്തമഴ തുടരുകയാണ്. പ്രദേശത്ത് ജനവാസമില്ലാത്തതിനാല്‍ വലിയ ദുരന്തം ഒഴിവായി.

ജനറേറ്റര്‍, ട്രാന്‍സ്ഫോമര്‍ ഉള്‍പ്പെടെ എല്ലാ യന്ത്രസാമഗ്രികളും തകര്‍ന്ന നിലയിലാണ്. കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലയിലെ നാദാപുരം, കുറ്റ്യാടി മേഖലകള്‍ എല്ലാം ഇരുട്ടിലായി. വൈദ്യുതി ബന്ധം പൂര്‍വ സ്ഥിതിയിലാക്കാന്‍ സമയം വേണ്ടിവരുമെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. കര്‍ണാടകയില്‍ നിന്നും ഉള്‍പ്പെടെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വൈദ്യുതി എത്തിക്കാനുള്ള ശ്രമവും നടന്നു വരികയാണ്.

മലബാറിലെ തിരുവഞ്ചിപ്പുഴ, ചാലിയാര്‍, കുറ്റ്യാടി പുഴയില്‍ ഉള്‍പ്പെടെ ഒഴുക്ക് ശക്തമായിരിക്കുകയാണ്. പ്രദേശത്തുള്ളവര്‍ അതീവ ജാഗ്രതപാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു. ഉരുള്‍പൊട്ടലും വെള്ളപൊക്കവും ജനജീവിതം ദുസഹമാക്കിയതിനിടെ വൈദ്യുതി ബന്ധവും ഇല്ലാതായിരിക്കുന്നത് രക്ഷാപ്രവര്‍ത്തനത്തെ ഉള്‍പ്പെടെ സാരമായി ബാധിച്ചേക്കും.

അതേസമയം മലപ്പുറം കോട്ടക്കുന്നില്‍ മണ്ണിടിഞ്ഞ് വീണ് കാണാതായ മൂന്ന് പേര്‍ക്കായുള്ള തെരച്ചില്‍ വീണ്ടും തുടങ്ങി. മഴ കുറഞ്ഞതോടെയാണ് തെരച്ചില്‍ തുടങ്ങിയത്. നേരത്തേ മഴ ശക്തമായപ്പോള്‍ തെരച്ചില്‍ നിര്‍ത്തിവച്ചിരുന്നു. വയനാട്ടിലെ ബാണാസുര സാഗര്‍ ഡാം തുറന്നു. ഇതിനെ തുടര്‍ന്ന് കബനി, മാനന്തവാടി, പനമരം പുഴയോരങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു . പ്രദേശത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 47 ആയി. വടക്കന്‍ ജില്ലകളില്‍ മഴ ശക്തമായി തുടരുകയാണ്. മഴ കനക്കുന്നത് പുത്തുമലയിലും കളപ്പാറയിലുമടക്കമുള്ള ഉരുള്‍പൊട്ടിയ ഇടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കിയിരിക്കുകയാണ്.