നെടുമ്പാശ്ശേരി വിമാനത്താവളം ഞായറാഴ്ച തുറക്കും
നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം ഞായറാഴ്ച 12 മണിക്ക് തുറക്കുമെന്ന് റിപ്പോര്‍ട്ട്. അതിശക്തമായ മഴയെത്തുടര്‍ന്ന് വ്യാഴാഴ്ച വൈകുന്നേരമാണ് റണ്‍വെയില്‍ വെള്ളം കയറിയതിനെ തുടർന്ന് വിമാനത്താവളം അടച്ചത്. ആദ്യം രാത്രി 12 വരെയാണ് അടച്ചതെങ്കിലും മഴ ശക്തമായതിനെ തുടര്‍ന്ന് തുറക്കുന്നത് നീട്ടിവയ്ക്കുകയായിരുന്നു.
വിമാനത്താവളത്തില്‍ നിന്നും വെള്ളമിറങ്ങി തുടങ്ങിയതോടെ ജീവനക്കാര്‍ ശുചീകരണം ആരംഭിച്ചിട്ടുണ്ട്. ടാക്സി ബേ ഉള്‍പ്പടെയുള്ള ഭാഗങ്ങളില്‍ കയറിയ വെള്ളം കൂടി പൂര്‍ണമായും ഒഴിവാക്കേണ്ടതുണ്ട്.
വിമാനത്താവളത്തിലെ റണ്‍വേയിലും മറ്റും വെള്ളം കയറിയത് മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ദുത്രഗതിയില് നടന്നുവരികയാണ്. അപ്രതീക്ഷിതമായി പെരിയാറിലെ ജലനിരപ്പ് താഴ്ന്നതാണ് വെള്ളം എളുപ്പത്തില്‍ ഇറങ്ങി പോകുന്നതിന് സഹായകമായത്. വിമാനത്താവളത്തിന്റെ ഒരു ഭാഗത്ത് നൂറ് മീറ്റര്‍ നീളത്തില്‍ മതില് ഇടിഞ്ഞ് വീണതും വെള്ളമിറങ്ങുന്നത് വേഗത്തിലാക്കി.
പെരിയാറിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നില്ലെങ്കില്‍ ഞായറാഴ്ച വൈകിട്ടോടെ വെള്ളം പൂര്ണമായുമിറങ്ങി പോകുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചതിനു ശേഷം ഉന്നതതല യോഗം ചേര്‍ന്നാകും വിമാനത്താവളം തുറക്കുന്ന കാര്യം തീരുമാനിക്കുക.
ശക്തമായ മഴ കാരണം കുടുങ്ങിയ മൂന്ന് വിമാനങ്ങള്‍ വിമാനത്താവളത്തില്‍ നിന്നും പോയി. ഇനി അഞ്ച് വിമാനങ്ങള്‍ കൂടി വിമാനത്താവളത്തിലുണ്ട്. ഞായറാഴ്ച മുതല്‍ കൊച്ചിയില്‍ നിന്ന് സര്‍വീസ് തുടങ്ങാമെന്ന നിലയില്‍ എയര്‍ ലൈന്‍സുകള്‍ ടിക്കറ്റുകള്‍ വിതരണം ചെയ്തു തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ പ്രളയത്തില്‍ റണ്‍വേയിലടക്കം വെള്ളം കയറിയതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചിട്ടിരുന്നു.