മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിദേശയാത്ര വിലക്ക് ; ”മാധ്യമ സ്വാതന്ത്ര്യത്തിന്റെ സമ്പൂര്‍ണ്ണ അട്ടിമറി” എന്ന് എന്‍.ഡി.ടി.വി

എന്‍.ഡി.ടി.വിയുടെ സഹസ്ഥാപകരായ പ്രാണോയ് റോയിയെയും രാധിക റോയിയെയുമാണ് വിദേശത്തേക്ക് പോകുന്നതില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞത്. മാധ്യമങ്ങളെ വരുതിയില്‍ നിര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമമമാണ് ഇത് എന്നും മാധ്യമ സ്വാതന്ത്ര്യത്തിന്റെ സമ്പൂര്‍ണ്ണ അട്ടിമറിയെന്നും എന്‍.ഡി.ടി.വി കേന്ദ്രത്തിന്റെ നടപടിയെ വിശേഷിപ്പിച്ചു.

ഇരുവരും ഒരാഴ്ച വിദേശത്ത് ഒഴിവുകാലം ചെലവഴിക്കാനാണ് തീരുമാനിച്ചിരുന്നത് മടങ്ങിവരവിനുള്ള ടിക്കറ്റ് 15 ന് ബുക്കും ചെയ്തിരുന്നു. ആര്‍.ആര്‍.പി.ആര്‍ എന്ന ഇരുവരുടെയും കമ്പനി എടുത്ത ഐ.സി.ഐ.സി.ഐ ബാങ്ക് വായ്പയെക്കുറിച്ച് സി.ബി.ഐ സമര്‍പ്പിച്ച വ്യാജവും പൂര്‍ണ്ണമായും തെളിവില്ലാത്തതുമായ അഴിമതി കേസിന്റെ അടിസ്ഥാനത്തിലാണ് ഇവരെ തടഞ്ഞത്, നിശ്ചിത സമയത്തിന് മുമ്പായി പലിശ സഹിതം പൂര്‍ണമായി ഈ വായ്പ തിരിച്ചടച്ചിരുന്നു.

ലോണുമായി ബന്ധപ്പെട്ട ഈ കേസിനെ ചോദ്യം ചെയ്ത് എന്‍.ഡി.ടി.വി സ്ഥാപകരും അവരുടെ കമ്പനിയും ഡല്‍ഹി ഹൈക്കോടതിയില്‍ കേസ് കൊടുത്തിട്ടുണ്ടെന്നും ഈ കേസ് രണ്ട് വര്‍ഷമായി നടന്ന് വരികയാണെന്നും എന്‍.ഡി.ടി.വി വെബ്‌സൈറ്റ് പറഞ്ഞു.

രാധികയും പ്രണോയ് റോയിയും ഈ കേസുമായി പൂര്‍ണമായും സഹകരിക്കുന്നുണ്ട് .അവര്‍ സ്ഥിരമായി വിദേശയാത്ര നടത്തുകയും രാജ്യത്തേക്ക് മടങ്ങുകയും ചെയ്യുന്നു, അതിനാല്‍ ഇരുവരെയും വിദേശയാത്രയില്‍ നിന്നും തടയുന്നത് പരിഹാസ്യമാണ്. നടപടിയെക്കുറിച്ച് അധികാരികള്‍ കോടതിയെ അറിയിച്ചിട്ടില്ല. കേന്ദ്ര നടപടി, മാധ്യമങ്ങളെ വരുതിയില്‍ നിര്‍ത്താന്‍ മാധ്യമ ഉടമകള്‍ക്ക് നേരെ നടത്താറുള്ള റെയ്ഡുകള്‍ പോലുള്ള ഒന്നാണ് എന്നും എന്‍.ഡി.ടി.വി പറഞ്ഞു.

500 കോടി രൂപയുടെ ഐ.സി.ഐ.സി.ഐ ബാങ്ക് വായ്പ തിരിച്ചടച്ചതില്‍ വീഴ്ച വരുത്തിയെന്നാരോപിച്ച് 2017 ല്‍ സി.ബി.ഐ ഇരു റോയ് മാരുടെയും ഗ്രേറ്റര്‍ കൈലാഷിലെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു. പ്രഥമ ദൃഷ്ട്യാ ഇരുവര്‍ക്കുമെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്നാണ് സി.ബി.ഐ പറയുന്നത്, എന്നാല്‍ എന്‍.ഡി.ടി.വി ആരോപണം നിഷേധിച്ചിരുന്നു.