രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തുന്നു

വയനാടന്‍ ജനതയ്ക്ക് ആശ്വാസമേകാന്‍ വയനാട്ടില്‍ നിന്നുള്ള ജനപ്രതിനിധി രാഹുല്‍ഗാന്ധി എത്തുന്നു. സംസ്ഥാനത്ത് നാശം വിതച്ച് പെയ്യുന്ന മഴയില്‍ ഏറ്റവും ദുരിതമനുഭവിക്കുന്ന സ്ഥലങ്ങളിലൊന്നാണ് വയനാട്. നാളെ വൈകുന്നേരത്തോടെ രാഹുല്‍ ഗാന്ധി കോഴിക്കോട് എത്തുമെന്നാണ് റിപ്പോര്‍ട്ട്.

രാഹുല്‍ഗാന്ധിയുടെ മണ്ഡലം ഉള്‍പ്പെടുന്ന മലപ്പുറം, വയനാട് കളക്ട്രേറ്റുകള്‍ കേന്ദ്രീകരിച്ചായിരിക്കും പ്രവര്‍ത്തനം നടത്തുന്നത് . ആദ്യം മലപ്പുറവും പിന്നീട് വയനാട് സന്ദര്‍ശിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി. പേമാരിയില്‍ വലയുന്ന മറ്റിടങ്ങളില്‍ രാഹുല്‍ എത്തുമോയെന്ന കാര്യത്തില്‍ നിലവില്‍ വ്യക്തതയില്ല.

സംസ്ഥാനത്തെ കാലവര്‍ഷക്കെടുതിയെ നേരിടാന്‍ കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി ഇടപെടല്‍ നടത്തിയിരുന്നു. കേരളത്തിലെയും പ്രത്യേകിച്ച് വയനാട്ടിലെ മഴയും മണ്ണിടിച്ചിലും പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിക്കുകയും അടിയന്തര സഹായങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

കാലവര്‍ഷക്കെടുതി നേരിടാന്‍ കേരള സര്‍ക്കാരിന് എല്ലാ സഹായങ്ങളും ചെയ്യുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയതായി രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അറിയിച്ചു.

ദുരന്തം നടന്നതിന്റെ പശ്ചാത്തലത്തില്‍ വയനാട് സന്ദര്‍ശിക്കുവാന്‍ രാഹുല്‍ ഗാന്ധി തയ്യാറായിരുന്നു. എന്നാല്‍, ഇസഡ് കാറ്റഗറി സുരക്ഷയുള്ള വ്യക്തിയെന്ന നിലയില്‍ രാഹുലിന് ആവശ്യമായിട്ടുള്ള സുരക്ഷ നല്‍കാന്‍ സാധിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാരും ജില്ലാ ഭരണകൂടവും അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകും എന്നതിനാലാണ് അധികൃതര്‍ രാഹുലിന്റെ വരവ് നേരത്തെ തടഞ്ഞത്. രാഹുല്‍ ദുരന്ത മുഖത്തു വരാത്തത് മറ്റു പാര്‍ട്ടികള്‍ രാഷ്ട്രീയമായ മുതലെടുപ്പിന് ഉപയോഗിച്ചിരുന്നു.