രക്ഷാ പ്രവര്‍ത്തനത്തിന് തടസമായി കവളപ്പാറയില്‍ വീണ്ടും ഉരുള്‍പൊട്ടി , മണ്ണിനടിയില്‍ നിന്ന് ദുര്‍ഗന്ധം

ഉരുള്‍പ്പൊട്ടി ഒരു പ്രദേശമാകെ മണ്ണിനടിയിലായ കവളപ്പാറയില്‍ രക്ഷാ പ്രവര്‍ത്തനത്തിനിടെ വീണ്ടും ഉരുള്‍പ്പൊട്ടലുണ്ടായി. ഇതോടെ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ട സ്ഥിതിയാണ്.

അതിശക്തമായ മഴ മണിക്കൂറുകളായി തുടരുന്ന അവസ്ഥയാണ്. ആളുകള്‍ അകപ്പെട്ടുപോയെന്ന് നാട്ടുകാര്‍ പറയുന്ന മണ്‍കൂനക്ക് അകത്ത് നിന്ന് വലിയ ദുര്‍ഗന്ധം വരുന്നുണ്ട്. കനത്ത മഴ ഇപ്പോഴും തുടരുകയാണ്. ചവിട്ടിയാല്‍ പുതഞ്ഞ് പോകുന്ന വലിയ മണ്‍കൂനയായി മാറിയ പ്രദേശത്ത് ഒന്നും ചെയ്യാനാകാത്ത അവസ്ഥയിലാണെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്.

ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും ചേര്‍ന്നാണ് ഇപ്പോള്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്നത്. വീണ്ടും ഉരുള്‍പ്പൊട്ടലുണ്ടായതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകരെ മുഴുവന്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. സൂക്ഷ്മതയോടെയുള്ള രക്ഷാ പ്രവര്‍ത്തനമാണ് പ്രദേശത്ത് വേണ്ടതെന്ന് അധികൃതരെത്തി മുന്നറിയിപ്പ് നല്‍കിയിരുന്നു.

നാല്‍പ്പത്തിരണ്ട് വീണ്ട് പൂര്‍ണ്ണമായും മണ്ണിനടിയില്‍ പെട്ടെന്നാണ് ജനപ്രതിനിധികള്‍ അടക്കമുള്ളവരുടെ അവസാന കണക്ക്. 66 പേര്‍ മണ്ണിനടിയില്‍ അകപ്പെട്ടുപോയെന്നാണ് കണക്ക്. അതില്‍ നാല് പേരുടെ മൃതദേഹമാണ് ഇതുവരെ കിട്ടിയത്. ഇനിയും ഏറെ ആളുകള്‍ മണ്ണിനടയിലെ വീടുകളില്‍ അകപ്പെട്ടുപോയിട്ടുണ്ടെങ്കിലും ആരെയും വീണ്ടെടുക്കാന്‍ സംവിധാനങ്ങളും സൗകര്യങ്ങളും ഇല്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്.

ആഗ്രഹിക്കുന്ന രീതിയില്‍ രക്ഷാപ്രവര്‍ത്തനം നടത്താനാകാത്ത അവസ്ഥയാണ് ഇപ്പോള്‍ കവളപ്പാറയില്‍ ഉള്ളതെന്ന് സ്ഥലം എംഎല്‍എ പിവി അന്‍വറും പറഞ്ഞു. മണ്ണുമാന്തിയന്ത്രങ്ങള്‍ പോലും വളരെ സൂക്ഷിച്ച് മാത്രമെ പ്രദേശത്ത് ഉപയോഗിക്കാന്‍ കഴിയു. കാരണം അറുപതിലേറെ പേര്‍ മണ്ണിനകത്ത് അവിടവിടെയായി അകപ്പെട്ടുപോയ പ്രദേശത്ത് മറ്റുപ്രദേശങ്ങളെ പോലെ വേഗത്തില്‍ രക്ഷാ പ്രവര്‍ത്തനം സാധ്യമാകില്ലെന്നാണ് ജനപ്രതിനിധിയും വ്യക്തമാക്കുന്നത്. കാഴ്ചക്കാരായി ഒരുപാട് ആളുകള്‍ പ്രദേശത്തേക്ക് എത്തുന്നതും രക്ഷാപ്രവര്‍ത്തകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയാണ്.

ദേശീയ ദുരന്തനിവാരണ സേനയടക്കം രക്ഷാപ്രവര്‍ത്തനത്തിന് ഉണ്ടെങ്കിലും ഉരുള്‍പൊട്ടി മൂന്നും നാലും മീറ്റര്‍ ഉയരത്തില്‍ വരെ കല്ലും മണ്ണും മരവുമെല്ലാം ഒഴുകിയെത്തിയതോടെ ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇത്രമാത്രം മണ്ണ് മാറ്റുന്നതിന് തക്കവിധത്തിലുള്ള ഉപകരണങ്ങളോ മറ്റു സൗകര്യങ്ങളൊ ഒന്നും പ്രദേശത്ത് ഇപ്പോഴും ഇല്ലാത്ത അവസ്ഥയാണ്.