കേരളത്തിന്റെ കാലാവസ്ഥയില്‍ ഭീകരമായ മാറ്റം ; ദുരന്തങ്ങള്‍ക്ക് കാരണവും അതുതന്നെ
കേരളത്തിന്റെ കാലാവസ്ഥയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഭീകരമായ മാറ്റങ്ങളാണ് ദുരന്തങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്ന് കാലാവസ്ഥാ വിദഗ്ദ്ധര്‍. മുന്‍പ് ആറ് മാസം മഴയും അവശേഷിച്ച സമയം ചൂടും തണ്ണുപ്പും ഇങ്ങനെ സമ്മിശ്രമായിരുന്നു കേരളത്തിന്റെ കാലാവസ്ഥ. എന്നാല്‍ ഈ സ്വഭാവത്തിന് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നു. ചൂടുകാലം കൂടി. ഒരു വര്‍ഷം പെയ്യേണ്ട മഴ ഒന്നോ രണ്ടോ മാസം കൊണ്ടു ഒരുമിച്ചു പെയ്യുന്നു. മഴയുടെ പാറ്റേര്‍ണില്‍ വ്യത്യാസം വന്നു എന്നതാണ് ശ്രദ്ധേയം.
ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് 5 ദിവസത്തിനിടെ കിട്ടിയത് 467 മില്ലി മഴ. ഈ കാലവര്‍ഷത്തില്‍ കിട്ടേണ്ട മഴയുടെ നാലിലൊന്നും കിട്ടിയത് ഈ അഞ്ച് ദിവസം കൊണ്ടാണ്. നാളെ മഴ കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം. സാധാരണ ജൂണ്‍ – ജൂലൈ കൂടുതല്‍ ലഭിക്കുന്ന മഴ ഇപ്പോള്‍ ഓഗസ്റ്റിലേക്ക് മാറി. കൂടാതെ മഴ ലഭിക്കുന്ന ദിവസങ്ങളുടെ എണ്ണം കുറഞ്ഞു പക്ഷെ കുറച്ച് സമയം കൊണ്ടു കൂടുതല്‍ മഴ പെയ്യുന്ന സന്ദര്‍ഭങ്ങള്‍ കൂടി വരുന്നു. മൊത്തത്തില്‍ മഴയുടെ അളവിന് വ്യത്യാസം വരുന്നില്ല. ഇത്തരം മഴയുടെ വിതരണം കാര്‍ഷിക മേഖലയെ കാര്യമായി ബാധിക്കും.
സംസ്ഥാനത്തെ കാലാവസ്ഥയിലുണ്ടായ അപകടകരമായ ചില മാറ്റങ്ങളിലേക്കാണ് അടുപ്പിച്ചുള്ള വര്‍ഷങ്ങളിലുണ്ടായ പ്രളയം വിരല്‍ ചൂണ്ടുന്നതെന്ന് കാലാവസ്ഥാ വിദഗ്ദ്ധര്‍ പറയുന്നു. മഴ ശക്തിയായി തുടരെ പെയ്യുന്നത് കൊണ്ടാണ് ഉരുള്‍ പൊട്ടലുകള്‍ ഉണ്ടാകുന്നത്. അതുപോലെ ഡാമുകളില്‍ വെള്ളം ഇല്ലാതിരുന്ന അവസ്ഥയില്‍ പോലും മഴ പെയ്ത ഉടന്‍ ഡാമുകള്‍ നിറയുന്ന സ്ഥിതിയാണ്.
പല ഡാമുകളിലും സംഭരണ ശേഷിയുടെ പകുതിയില്‍ താഴെ ചെളിയടിഞ്ഞ സ്ഥിതിയാണ്. പല ഡാമുകളുടെയും വീതി കുറഞ്ഞു വരികയുമാണ്. ഇതെല്ലാമാണ് മഴ ശക്തിയായാല്‍ ഉടന്‍ ഡാമുകള്‍ നിറയുവാനുള്ള കാരണമായി പറയുന്നത്. കുത്യമായി പരിപാലിക്കാന്‍ അധികൃതര്‍ തയ്യാറാകാത്തത് ദുരന്തങ്ങള്‍ക്ക് വഴി വെക്കുന്നു എന്ന് വ്യക്തം. ഓരോ ദുരന്തം കഴിയുമ്പോഴും പല പ്രസ്താവനകളും വരുന്നുണ്ട് എങ്കിലും എല്ലാം ഫയലില്‍ തന്നെ ഉറക്കമാണ്.
അതുപോലെ പുഴകളും കായലുകളും കയ്യേറുന്നതും തുടര്‍കഥയാണ്. പല പുഴകളുടെയും വീതി നാള്‍ക്കുനാള്‍ കുറഞ്ഞു വാരിയകയാണ്. ഇത് തന്നെയാണ് പുഴകള്‍ നിറഞ്ഞു കവിയാന്‍ കാരണമായി പറയുന്നത്.
അതേസമയം സംസ്ഥാനത്തെ ദുരിതത്തിലാഴ്ത്തിയ മഴയുടെ ശക്തി കുറയുകയാണ്. സംസ്ഥാനത്ത് നാളെ എവിടെയും അതിതീവ്ര മഴയ്ക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. അതുകൊണ്ടു തന്നെ ജില്ലകളിലൊന്നും നാളെ ‘റെഡ്’ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍, ആറ് ജില്ലകളില്‍ ‘ഓറഞ്ച്’ അലര്‍ട്ട് ആയിരിക്കും. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് എന്നീ ജില്ലകളിലാണ് തിങ്കളാഴ്ച ‘ഓറഞ്ച്’ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ആഗസ്റ്റ് 13 ന് ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലും ആഗസ്റ്റ് 14 ന് എറണാകുളം ,ഇടുക്കി, പാലക്കാട് ,മലപ്പുറം എന്നീ ജില്ലകളിലും, കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് ‘ഓറഞ്ച്’ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ‘ഓറഞ്ച്’ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ (115 mm വരെ മഴ) അതിശക്തമായതോ (115 mm മുതല്‍ 204.5 mm വരെ മഴ) ആയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.