ക്യാമ്പുകള്‍ ദുരിതപൂര്‍ണം ; ആവശ്യത്തിന് സഹായമെത്തുന്നില്ല ; സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയം
മതിയായ സൗകര്യങ്ങളില്ലാതെ വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകള്‍. മിക്ക ക്യാമ്പുകളുടെയും സ്ഥിതി ദുരിതപൂര്‍ണമാണ്. ക്യാമ്പുകളില്‍ ആവശ്യമായ സഹായമൊരുക്കാന്‍ ആരും തയ്യാറാകുന്നില്ലെന്ന് രക്ഷാപ്രവര്‍ത്തനത്തിനുള്‍പ്പെടെ രംഗത്തുള്ളവര്‍ പറയുന്നു. വയനാട്ടുകാരെ എല്ലാവരും അവഗണിക്കുകയാണ്. പ്രാദേശിക സഹായമല്ലാതെ മറ്റു ജില്ലകളില്‍ നിന്നും സഹായം ലഭിക്കുന്നില്ലെന്നും രക്ഷാ പ്രവർത്തങ്ങളിൽ ഏർപ്പെട്ട ജസ്റ്റിന്‍ സാബു പറഞ്ഞു.
മാനന്തവാടിയില്‍ കളക്ഷന്‍ പോയിന്റുപോലുമില്ല. കൈയില്‍ കരുതിയ വസ്ത്രങ്ങള്‍ മാത്രമാണ് മിക്കവരുടേയും കൈയില്‍ ഉള്ളത്. ക്യാമ്പുകളില്‍ പലരും പ്രയാസങ്ങള്‍ നേരിടുന്നുണ്ട്. എന്തെങ്കിലും പ്രതികരിക്കാന്‍ കഴിയുന്ന അവസ്ഥയിലല്ല വയനാട്ടിലെ ജനങ്ങള്‍. പലരും സ്വന്തം വീടുകളിലേക്ക് മടങ്ങി തുടങ്ങി. ഇത്ര ദുരിതമനുഭവിക്കുമ്പോഴും ക്യാമ്പുകളേക്കാള്‍ മെച്ചം സ്വന്തം വീടുകളാണെന്ന് തോന്നിയതുകൊണ്ടാണ് ജനങ്ങള്‍ മടങ്ങുന്നതെന്നും ജസ്റ്റിന്‍ സാബു പറഞ്ഞു. വയനാട്ടില്‍ നിന്നുമുള്ള വാര്‍ത്തകള്‍ പലതും പുറത്തേക്ക് എത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കനത്തമഴ ഏറ്റവും അധികം ദുരിതം വിതച്ചത് വയനാട്ടിലാണ്. മേപ്പാടി പുത്തുമലയില്‍ ഉണ്ടായ ഇരുള്‍പൊട്ടലില്‍ നൂറ് ഏക്കറോളം പാടി നശിച്ചു. ഇവിടെ കുടുങ്ങിയവരെ ഇനിയും പുറത്തെത്തിച്ചിട്ടില്ല. പുത്തുമലയില്‍ നിന്നും ഇന്ന് ഒരു മൃതദേഹം കൂടി കണ്ടെടുത്തു. ആകെ പത്ത് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മഴയ്ക്ക് അല്‍പം ശമനം വന്നതോടെ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയിട്ടുണ്ട്.
അതേസമയം സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയമായതിനു തെളിവാണ് ക്യാമ്പുകളുടെ ഈ അവസ്ഥ. മഴ കനത്ത ഉടന്‍ മുഖ്യമന്ത്രി വിളിച്ചു കൂട്ടിയ അടിയന്തിര യോഗത്തില്‍ സ്ഥിതിഗതികള്‍ ശാന്തമാണ് എന്ന മറുപടിയാണ് കിട്ടിയത്. അതുകൊണ്ടു തന്നെ പല ജില്ലാ ഭരണകൂടങ്ങളും ആദ്യ സമയങ്ങളില്‍ കാര്യമായി ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല. പല ഉദ്യോഗസ്ഥര്‍ക്കും ഔദ്യോഗികമായി അറിയിപ്പ് ലഭിക്കാത്തത് കാരണം അവരും ഒന്നിനും മുന്നിട്ടിറങ്ങിയില്ല. മഴ കനത്തത്തിനു ശേഷമാണ് പല ഇടങ്ങളിലും ക്യാമ്പുകള്‍ തുറക്കണം എന്ന ചിന്ത വന്നത് തന്നെ. അപ്പോഴേയ്ക്കും ജന ജീവിതം തന്നെ ദുസ്സഹമായ അവസ്ഥയിലായിക്കഴിഞ്ഞു.
കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ നിന്നും സര്‍ക്കാരും അനുബന്ധ മേഖലകളും ഒന്നും പഠിച്ചില്ല എന്നതിന്റെ തെളിവാണ് ഇപ്പോള്‍ കേരളം കാണുന്നത്. അതുമാത്രമല്ല രാഷ്ട്രീയമായ ചേരി തിരിവ് രക്ഷാ പ്രവര്‍ത്തനത്തിനു തടസ്സമാകുന്നുണ്ട്. സര്‍ക്കാരിനെ സംരക്ഷിക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പലതും പ്രചരിക്കുന്നുണ്ട്. ഇതിന് എതിരെ ചില സംഘടനകള്‍ ഉയര്‍ത്തി വിട്ട വ്യാജ സന്ദേശങ്ങള്‍ ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതില്‍ വിജയിച്ചു കഴിഞ്ഞു.
അതിനുള്ള തെളിവാണ് ദുരിത ബാധിതര്‍ക്ക് സഹായം നല്‍കുവാന്‍ തുറന്ന കളക്ഷന്‍ സെന്ററുകളുടെ സ്ഥിതി. പല ഇടങ്ങളിലും ആവശ്യത്തിന് സാധനം ഇല്ലാതെ വല്ലാത്ത ബുദ്ധിമുട്ടിലാണ്. സര്‍ക്കാര്‍ 22 കോടി അനുവദിച്ചു എന്ന് പറയുന്നുണ്ട് എങ്കിലും ഒന്നും ആരിലും എത്തിയിട്ടില്ല എന്നതാണ് സത്യമെന്നു ക്യാമ്പുകളിലെ സ്ഥിതികള്‍ കണ്ടാല്‍ മനസിലാകും.
ആകെ നല്ലതു പോലെ പ്രവര്‍ത്തിക്കുന്നത് തിരുവനന്തപുറത്തെ കളക്ഷന്‍ സെന്ററുകള്‍ മാത്രമാണ് എന്ന് പറയേണ്ടി വരും. ആദ്യ സമയങ്ങളില്‍ തണുത്ത പ്രതികരണം ലഭിച്ച കളക്ഷന്‍ സെന്ററുകളില്‍ ഇപ്പോള്‍ മെച്ചപ്പെട്ട സ്ഥിതിയാണ് എന്ന് വാര്‍ത്തകള്‍ ഉണ്ട്. തിരുവനന്തപുരത്തു നിന്നും നഗരസഭയുടെ രണ്ടു ലോഡ് വയനാട്ടിലേക്ക് പോയി കഴിഞ്ഞു. എന്നിരുന്നാലും കളക്ഷന്‍ സെന്ററുകളിലേക്ക് സാധനങ്ങള്‍ ആവശ്യമില്ലെന്ന തരത്തിലുള്ള ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് വീഡിയോ വലിയ തെറ്റിദ്ധാരണയാണുണ്ടാക്കിയത്.
എന്നാല്‍ അതല്ല ഉദ്ദേശിച്ചതെന്ന തരത്തിലുള്ള വിശദീകരണം വന്നു. പക്ഷേ, തിരുവനന്തപുരം പ്രസ് ക്ലബിലും, എസ്എംവി സ്‌കൂളിലുമടക്കം പ്രവര്‍ത്തിക്കുന്ന ക്യാമ്പുകളില്‍ വേണ്ടത്ര സാധനങ്ങളെത്തുന്നില്ല. കുട്ടികള്‍ക്കുള്ള ഡയപ്പറുകളുള്‍പ്പടെയുള്ള വസ്തുക്കള്‍, അരിയും പരിപ്പുമടക്കമുള്ള ഭക്ഷ്യവസ്തുക്കള്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ട അടി വസ്ത്രങ്ങള്‍, മരുന്നുകള്‍ അങ്ങനെ നിരവധി സാധനങ്ങള്‍ ഇനിയും ഇവിടെ എത്തേണ്ടതുണ്ട്.
വളരെ മോശമായ സ്ഥിതിയാണ് എറണാകുളത്ത് ഉള്ളത്. നൂറോളം വരുന്ന വൊളണ്ടിയര്‍മാര്‍ ഒന്നും ചെയ്യാനില്ലാതെ ഇരിക്കുകയാണ്. കഴിഞ്ഞ തവണ ‘അന്‍പൊടു കൊച്ചി’ എന്ന ഫേസ്ബുക്കിലൂടെ കൃത്യമായ കോര്‍ഡിനേഷനോടെ നടന്ന പ്രളയ ദുരിതാശ്വാസസഹായകേന്ദ്രങ്ങളില്‍ ഇത്തവണ തീരെ തണുത്ത പ്രതികരണം.
ഇതുവരെ ഇവിടെ നിന്നും കാര്യമായ ലോഡുകളൊന്നും എത്തിക്കാനായിട്ടില്ല. അതുപോലെ കോഴിക്കോട് മലപ്പുറം ഇവിടങ്ങളില്‍ എല്ലാം ഒന്നും നടക്കാത്ത സ്ഥിതിയാണ്. പല ക്യാമ്പുകളിലും ജനങ്ങള്‍ അധികാരികള്‍ക്ക് നേരെ തിരിഞ്ഞു തുടങ്ങിക്കഴിഞ്ഞു. അതിനിടയ്ക്ക് ചില പ്രത്യേക സംഘടനകളില്‍ ഉള്ളവരെ ക്യാമ്പുകളില്‍ പ്രവേശിപ്പിക്കരുത് എന്ന് മുഖ്യമന്ത്രി പറഞ്ഞത് ജനങ്ങള്‍ക്ക് ഇപ്പോള്‍ കിട്ടുന്ന സഹായം കൂടി തടസ്സമാകാന്‍ ഇടയാകും എന്നാണ് പരക്കെ ഉള്ള ആക്ഷേപം.