രാഹുല്‍ഗാന്ധി കവളപ്പാറയില്‍ ; ഉരുള്‍പൊട്ടലുണ്ടായ സ്ഥലവും ദുരിതാശ്വാസ ക്യാമ്പും സന്ദര്‍ശിച്ചു

വയനാട് എം.പി രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. കനത്ത മഴയും ഉരുള്‍പൊട്ടലുമുണ്ടായ വയനാട്,മലപ്പുറം ജില്ലകളിലെ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനായിട്ടാണ് രാഹുല്‍ ഗാന്ധി കേരളത്തില്‍ എത്തിയത് . ഉച്ചയ്ക്ക് പ്രത്യേക വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ രാഹുല്‍ ഗാന്ധി തുടര്‍ന്ന് ഉരുള്‍പൊട്ടല്‍ ഏറ്റവുമധികം നാശം വിതച്ച കവളപ്പാറയ്ക്ക് സമീപമുള്ള ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു.

കവളപ്പാറയില്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടവര്‍ താമസിക്കുന്ന പോത്തുകല്ലിലെ ക്യാമ്പിലേക്കാണ് വൈകീട്ട് നാലരയോടെ രാഹുലെത്തിയത്. ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടമായവര്‍ ക്യാമ്പിലെത്തിയ രാഹുലുമായി വേദനകള്‍ പങ്കുവെച്ചു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും അടക്കം കോണ്‍ഗ്രസ് നേതാക്കളും ജനപ്രതിനിധികളും എല്ലാം രാഹുല്‍ ഗാന്ധിക്ക് ഒപ്പമുണ്ടായിരുന്നു. കവളപ്പാറയിലെ സന്ദര്‍ശനത്തിന് ശേഷം, ഉരുള്‍പൊട്ടലുണ്ടായ പ്രദേശവും രാഹുല്‍ സന്ദര്‍ശിച്ചു. മമ്പാടും എടവണ്ണയിലുമുള്ള ദുരിതാശ്വാസ ക്യാമ്പുകള്‍ കൂടി രാഹുല്‍ ഇന്ന് സന്ദര്‍ശിക്കും.

ഇതിന് ശേഷം രാത്രി 7 ന് കളക്ടറേറ്റില്‍ ചേരുന്ന അവലോകന യോഗത്തിലും രാഹുല്‍ പങ്കെടുക്കും. തുടര്‍ന്ന് നാളെ വയനാട് ജില്ലയിലെ ദുരിതബാധിത പ്രദേശങ്ങളിലും രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തും. അപകടവിവരം അറിഞ്ഞയുടന്‍ രക്ഷാപ്രവര്‍ത്തനങ്ങളെപ്പറ്റിയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെപ്പറ്റിയും മുഖ്യമന്ത്രി പിണറായി വിജയനുമായും ജില്ലാ കളക്ടര്‍മാരുമായും രാഹുല്‍ ഗാന്ധി ഫോണില്‍ സംസാരിച്ചിരുന്നു.

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഹുല്‍ ഗാന്ധി കേരളത്തിലെത്തിയത്. വയനാട് ജില്ലയില്‍ പെട്ട ദുരന്തമേഖലകളില്‍ നാളെ രാഹുല്‍ ഗാന്ധി എത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. വയനാട് ജനതക്ക് ഒപ്പമാണ് മനസ്സെന്ന് ദുരന്തം അറിഞ്ഞ ഉടനെ തന്നെ രാഹുല്‍ ഗാന്ധി പ്രതികരിച്ചിരുന്നു.