ശ്രീറാം വെങ്കിട്ടരാമനെ ഡിസ്ചാര്‍ജ് ചെയ്തു

മാധ്യമപ്രവര്‍ത്തകനെ കാറിടിച്ചു കൊലപ്പെടുത്തിയ വാഹനാപകടവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ ഡിസ്ചാര്‍ജ് ചെയ്തു. മെഡിക്കല്‍ സംഘത്തിന്റെ പരിശോധനയില്‍ ആരോഗ്യനില തൃപ്തികരമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശ്രീറാമിനെ ഇന്ന് വൈകീട്ട് ഡിസ്ചാര്‍ജ് ചെയ്തത്. നാലാഴ്ചത്തെ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

നാല് ദിവസം മുമ്പ് മെഡിക്കല്‍ ബോര്‍ഡിന്റെ പരിശോധനയില്‍ ആരോഗ്യനില മെച്ചപ്പെട്ടെന്ന് കണ്ടെത്തിയതിനാല്‍ ശ്രീറാമിനെ സ്റ്റെപ്പ് ഡൗണ്‍ വാര്‍ഡിലേക്കും തുടര്‍ന്ന് പേ വാര്‍ഡിലേക്കും മാറ്റിയിരുന്നു. വൈകീട്ട് അഞ്ചരയോടെയാണ് ശ്രീറാം ആശുപത്രി വിട്ടത്.വാഹനാപകടക്കേസില്‍ റിമാന്റിലായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശ്രീറാം വെങ്കിട്ടരാമന് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.

അപകടസമയത്ത് ശ്രീറാം മദ്യപിച്ചിരുന്നെന്ന് തെളിയിക്കാന്‍ സാധിക്കാതിരുന്നതാണ് ശ്രീറാമിന് ജാമ്യം ലഭിക്കാന്‍ സഹായകരമായത്. അപകടം നടക്കുമ്പോള്‍ ശ്രീറാം മദ്യപിച്ചിരുന്നതായി ആരോപണമുയര്‍ന്നിട്ടും രക്തപരിശോധന നടത്താന്‍ പൊലീസ് തയ്യാറായിരുന്നില്ല. ഇത് വിവാദമായതിനെ തുടര്‍ന്ന് ഒമ്പത് മണിക്കൂറുകള്‍ക്ക് ശേഷമാണ് ശ്രീറാമിനെ രക്തപരിശോധനയ്ക്ക് വിധേയമാക്കിയത്. ശ്രീറാമിനെ രക്ഷിക്കാനാണ് പൊലീസ് രക്തപരിശോധന വൈകിപ്പിച്ചതെന്ന് ആക്ഷേപമുയര്‍ന്നിരുന്നു.