പ്രളയം ; മരിച്ചവരുടെ എണ്ണം 72 ആയി ; കവളപ്പാറയില്‍ കാണാതായ നാല് പേര്‍ സുരക്ഷിതര്‍
പ്രളയത്തിലും ഉരുള്‍ പൊട്ടലിലും സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 72 ആയി. നിലവില്‍ രണ്ടരലക്ഷത്തിലധികം പേരാണ് 1,621 ക്യാമ്പുകളിലായിക്കഴിയുന്നത്. കാണാതായവരില്‍ 58 പേരെ ഇനിയും കണ്ടെത്താനുണ്ട്.
സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞെങ്കിലും പേമാരി വിതച്ച കെടുതികള്‍ അതിരൂക്ഷമാണ്. വയനാട് പുത്തുമലയിലെയും മലപ്പുറം കവളപ്പാറയിലെയും വന്‍ദുരന്തത്തിലടക്കം മഴക്കെടുതികളില്‍ മരിച്ചവരുടെ എണ്ണം ഔദ്യോഗിക കണക്കനുസരിച്ച് 67 ആയി.
അതേസമയം ഉരുള്‍പൊട്ടല്‍ വന്‍ദുരന്തം വിതച്ച കവളപ്പാറയില്‍ ഇന്ന് ആറ് മൃതദേഹങ്ങള്‍ കണ്ടെത്തി. ഇതോടെ ഇവിടെ നിന്ന് 19 പേരുടെ മരണം സ്ഥിരീകരിച്ചു. ഇതിനിടെ, കാണാതായ നാല് പേര്‍ ബന്ധുവീടുകളിലുണ്ടെന്ന് മന്ത്രി കെ ടി ജലീല്‍ സ്ഥിരീകരിച്ചത് ആശ്വാസമായി. 63 പേരായിരുന്നു കാണാതായവരുടെ പട്ടികയില്‍ ആദ്യമുണ്ടായിരുന്നത്. ഇനി കവളപ്പാറയില്‍ നിന്ന് കണ്ടെത്താനുള്ളത് 40 പേരെയാണ്.
44 വീടുകളാണ് ഒറ്റയടിക്ക് കവളപ്പാറയില്‍ നിന്ന് തുടച്ചുമാറ്റപ്പെട്ടത്. ബന്ധുക്കള്‍ ചൂണ്ടിക്കാണിക്കുന്ന മണ്‍കൂനയില്‍ തിട്ടകള്‍ ഹിതാച്ചി കൊണ്ട് നീക്കി, സൂക്ഷിച്ച് മണ്ണ് മാറ്റി, കോണ്‍ക്രീറ്റ് സ്ലാബുകള്‍ പൊളിച്ചെടുത്താണ് രക്ഷാപ്രവര്‍ത്തനം മുന്നോട്ടുപോകുന്നത്. മഴ മാറി നിന്നതിനാല്‍ കൂടുതല്‍ സജീവമായ തെരച്ചിലാണ് ഇന്ന് നടന്നത്. ഫയര്‍ഫോഴ്‌സ്, അഗ്‌നിശമനസേന, സന്നദ്ധസംഘടനകള്‍ എന്നിവ ആറ് യൂണിറ്റുകളായി തിരിഞ്ഞാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മണ്ണുമാന്തി യന്ത്രങ്ങള്‍ കൂടുതലായെത്തി. കെട്ടിക്കിടന്ന ചെളി പമ്പ് ചെയ്ത് കളഞ്ഞ്, പതിയെപ്പതിയെ മണ്ണ് നീക്കിയാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്.
അതിനിടെ ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ക്യാമ്പുകളിലെ ആളുകളുടെ സൗകര്യങ്ങള്‍ ശ്രദ്ധിക്കണം. ആവശ്യത്തിന് ശൗചാലയങ്ങള്‍ ക്യാമ്പുകളില്‍ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വെള്ളം ഇറങ്ങിത്തുടങ്ങിയതിനാല്‍ വീടുകള്‍ വൃത്തിയാക്കുന്നതിന് പ്രത്യേകം ശ്രദ്ധവേണം. പ്രദേശത്തിന്റെ സാധ്യതകള്‍ പരിശോധിച്ച് വൃത്തിയാക്കലിന് സൗകര്യം ഒരുക്കണം. ഇക്കാര്യത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍, സന്നദ്ധപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സേവനവും സഹകരണവും ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.