നാളെ 9 ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി ; 3 ജില്ലകളില്‍ റെഡ് അലേര്‍ട്ട്

കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പ് പരിഗണിച്ചും സ്‌കൂളുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതിനാലും എറണാകുളം,തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ഐ.സ്.ഇ തുടങ്ങിയ എല്ലാ സിലബസുകളിലുമുള്ള സ്‌കൂളുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍ എന്നിവയ്ക്കും അവധി ബാധകമായിരിക്കും.

ഇന്ന് എറണാകുളം ജില്ലയില്‍ റെഡ് അലേര്‍ട്ടും നാളെ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ മഴ ശക്തമാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പുകള്‍ അനുസരിച്ചുള്ള മുന്‍കരുതല്‍ നടപടിയായാണ് അവധി നല്‍കുന്നതെന്നും ജില്ലാ കളക്ടര്‍ എസ്.സുഹാസ് അറിയിച്ചു.

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ശക്തമായതിനെ തുടര്‍ന്ന് സംസ്ഥാനത്ത് വീണ്ടും മഴ കനക്കുകയാണ്. നാളെ ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ മുന്‍കരുതല്‍ എന്ന നിലയിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത്. പത്തനംതിട്ടയില്‍ ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. പി.എസ്.സി നാളെ നടത്താനിരുന്ന വകുപ്പ് തല പരീക്ഷകള്‍ മാറ്റിവെച്ചു.

ന്യൂനമര്‍ദ്ദത്തിന്റെ പ്രഭാവം മൂലം നാളെ വടക്കന്‍ജില്ലകളില്‍ മഴയുടെ ശക്തി കൂടും. വെളളിയാഴ്ചയോടെ മഴ ദുര്‍ബലമാകും. അടുത്ത മൂന്ന് ദിവസത്തക്ക് കടലില്‍ പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ മരണസംഖ്യ 93 ആയി. സംസ്ഥാനത്ത് രണ്ട് ലക്ഷത്തി അന്‍പത്തി അയ്യായിരം പേരാണ് ഇപ്പോള്‍ ക്യാമ്പുകളില്‍ കഴിയുന്നത്. സംസ്ഥാനത്ത് 838 വീടുകള്‍ പൂര്‍ണമായും 8718 വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്.