കവളപ്പാറയിലെ വന്‍ദുരന്തത്തിന് കാരണം റബ്ബര്‍ കൃഷി എന്ന് പ്രദേശവാസികള്‍
റബ്ബര്‍ കൃഷിക്ക് വേണ്ടി മല കുഴിച്ചതാണ് കവളപ്പാറയില്‍ ഉണ്ടായ വന്‍ദുരന്തത്തിന് കാരണം എന്ന് പ്രദേശവാസികള്‍. ഉരുള്‍പൊട്ടാല്‍ ഉണ്ടായ മുത്തപ്പന്‍ കുന്നിന് മുകളില്‍ റബ്ബര്‍ വെച്ചുപിടിപ്പിക്കുന്നതിനായി വലിയ കുഴികള്‍ നിര്‍മിച്ചെന്നും, ഇത് മലയുടെ വിള്ളലിന് കാരണം ആയെന്നുമാണ് ആരോപണം. ഇത്തവണ കാലവര്‍ഷം കനത്തതോടെ മലയില്‍ ഉരുള്‍പൊട്ടിയതിന് ഈ വിള്ളല്‍ കാരണമായെന്ന് നാട്ടുകാര്‍ പറയുന്നു.
മണ്ണ് നീക്കി യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് മുത്തപ്പന്‍ കുന്നിന്റെ ചെരുവുകളില്‍ റബ്ബര്‍ കൃഷിക്കായി കുഴിവെട്ടിയത്. ഈ കുഴികളില്‍ വലിയ തോതില്‍ വെള്ളം കെട്ടി നില്‍ക്കുകയും ചെയ്തിരുന്നു.. ഏക്കര്‍ കണക്കിന് സ്ഥലത്താണ് ഇത്തരത്തില്‍ കുഴികള്‍ നിര്‍മ്മിച്ചത്. ഇത് കഴിഞ്ഞ വര്‍ഷത്തേ പ്രളയ കാലത്ത് മലയില്‍ വിള്ളല്‍ വീഴ്ത്തുന്നതിന് കാരണമായി. കവളപ്പാറയില്‍ ഇപ്പോഴുണ്ടായ വന്‍ദുരന്തത്തിന് ഇത് കാരണമായെന്നാണ് നാട്ടുകാരുടെ ആരോപണം.
നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തേ പോലും അവഗണിച്ചായിരുന്നു ഈ അനധികൃത പ്രവര്‍ത്തനം. നാട്ടുകാരുടെ പ്രതിഷേധത്തെ മറികടക്കാന്‍ അനധികൃത ഇടപെടല്‍ ഉണ്ടായതെന്ന ആരോപണവും ഉണ്ട്. അറുപതിലധികം ജീവനുകള്‍ പൊലിഞ്ഞ കവളപ്പാറ മഹാദുരന്തത്തിന് പിന്നിലും മനുഷ്യ കൈകള്‍ തന്നെയാണെന്നാണ് ആരോപണം തെളിയിക്കുന്നത്.
അതുപോലെ മഴയുടെ സ്വഭാവത്തിലും രൂപത്തിലുമുണ്ടായ പ്രചവനാതീതമായ മാറ്റങ്ങളാണ് കേരളത്തില്‍ വെള്ളപ്പൊക്കത്തിന് പ്രധാന കാരണമായതെന്ന് വിദഗ്ധര്‍. ഒരു മാസത്തില്‍ ലഭിക്കേണ്ട മഴ രണ്ടോ മൂന്നോ മണിക്കൂറില്‍ പെയ്തിറങ്ങുന്ന അവസ്ഥ. അനിയന്ത്രിതമായ പ്രകൃതി ചൂഷണവും സ്ഥിതി വഷളാക്കിയെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ആരും പ്രതീക്ഷിക്കാതെയാണ് ഇപ്പോഴത്തെ മഴക്കെടുതി ഉണ്ടായത്. ഒരു ഗവേഷണസ്ഥാപനവും മുന്നറിയിപ്പ് നല്‍കിയില്ല. അതും കഴിഞ്ഞ വര്‍ഷത്തെ അതേസമയങ്ങളില്‍ തന്നെ. മലനാട്ടില്‍ നിന്ന് ഇടനാട്ടിലും തീരപ്രദേശത്തും പഴയ പോലെ മണ്ണിലേക്കിറങ്ങുന്നില്ല എന്നതാണ് ഏറ്റവും പ്രധാന കാരണം. പ്രകൃതിയുടെ അനിയന്ത്രിതമായ ചൂഷണം തന്നെ ഇതിന് വഴിവെച്ചത്.
മഴവെള്ളം മണ്ണിലേക്കിറങ്ങേണ്ട സംവിധാനമായ വനങ്ങള്‍ പാറമടകള്‍ക്കും റിസോര്‍ട്ടുകള്‍ക്കുമായി വ്യാപകമായി നശിപ്പിക്കപ്പെട്ടു. ഇടനാടുകളില്‍ വെള്ളം ഉള്‍ക്കൊണ്ടിരുന്ന ചിറകള്‍, കോള്‍ നിലങ്ങള്‍, ചതുപ്പുകള്‍, പാടങ്ങള്‍ തുടങ്ങിയവ മണ്ണിട്ട് നികത്തി. നദീതീരങ്ങളിലെ കൈയേറ്റവും മണല്‍ വാരലും മൂലം ഒഴുക്ക് അപകടരമായ നിലയിലായി. മണിക്കൂറുകള്‍ക്കകം കേരളം വെള്ളക്കെട്ടിലമരുന്ന അവസ്ഥയായിരുന്നു മനുഷ്യന്റെ ഈ കൈകടത്തലുകളുടെ ഫലം.
ഇതിന് പുറമേ, മഴയുടെ സ്വഭാവത്തില്‍ വന്ന മാറ്റവും വെള്ളപ്പൊക്കത്തിന് കാരണമായി. മഴയുടെ സമയക്രമവും ദൈര്‍ഘ്യവും മാറി. ഒരു മാസത്തില്‍ ലഭിക്കേണ്ട മൊത്തം മഴ പലയിടത്തും മണിക്കൂറിനുള്ളില്‍ പെയ്തിറങ്ങുന്നു. മഴയുടെ ക്രമം തെറ്റിയ സ്ഥിതിയില്‍ ഇനി ചൂടിന്റെയും ശൈത്യത്തിന്റെയും അളവിലും സ്വഭാവത്തിലും മാറ്റം വരാം.
ആഗോളതലത്തില്‍ സംഭവിക്കുന്ന കാലാവസ്ഥ വ്യതിയാനം കേരളത്തിലും ഉണ്ടാവുന്നു എന്നതാണ് തുടര്‍ച്ചയായ വെള്ളപ്പൊക്കം സൂചിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. കാലാവസ്ഥ മാറ്റത്തെ അതിജീവിക്കുന്ന ഒരു കേരളാ മോഡലാണ് ഇനിയാവശ്യം. ഒപ്പം കൃത്യമായ ഒരു കാലാവസ്ഥാ നയം രൂപപ്പെടുത്തുന്നതിനും സമയം അതിക്രമിച്ചിരിക്കുന്നു.