മരിച്ചവരുടെ കുടുംബത്തിന് നാലുലക്ഷം , വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് പത്ത് ലക്ഷം

സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബത്തിന് നാലുലക്ഷം രൂപയും, വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് പത്ത് ലക്ഷം രൂപ വീതവും ധനസഹായം നല്‍കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം. ദുരിതബാധിതരുടെ പട്ടിക അടിയന്തരമായി തയ്യാറാക്കാന്‍ വില്ലേജ് ഓഫീസര്‍മാര്‍ക്കും പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി.

മഴക്കെടുതി ദുരിതാശ്വാസ സഹായം കുറ്റമറ്റ രീതിയില്‍ എല്ലാവരിലേക്കും എത്തിക്കണമെന്നാണ് മന്ത്രിസഭായോഗ തീരുമാനം. അതുകൊണ്ടുതന്നെ എത്രയും പെട്ടെന്ന് പട്ടിക തയ്യാറാക്കാനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. അടിയന്തര സഹായമെന്ന നിലയില്‍ പതിനായിരം രൂപ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ധനസഹായ വിതരണത്തിന് ശേഷം പരാതികളും ആക്ഷേപങ്ങളും ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന കര്‍ശന നിര്‍ദ്ദേശവും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ പ്രളയകാലത്തെ അതേ ദുരിതാശ്വാസ പാക്കേജാണ് സര്‍ക്കാര്‍ ഇത്തവണയും മുന്നോട്ടുവയ്ക്കുന്നത്. എന്നാല്‍ ഇതിലുള്ള പ്രധാന വ്യത്യാസം വില്ലേജ് ഓഫീസറും പഞ്ചായത്ത് സെക്രട്ടറിയും ചേര്‍ന്ന് പട്ടിക തയ്യാറാക്കുന്നു എന്നതാണ്. ഇത്തരത്തില്‍ തയ്യാറാക്കുന്ന പട്ടിക ആദ്യം സര്‍ക്കാര്‍ പ്രസിദ്ധീകരിക്കും. അതില്‍ ആക്ഷേപം ഉണ്ടെങ്കില്‍ അത് അറിയിക്കാന്‍ സംവിധാനം ഉണ്ടായിരിക്കും . അത്തരം ആക്ഷേപങ്ങളും പരാതികളും പരിഹരിച്ച ശേഷമായിരിക്കും അന്തിമ പട്ടിക തയ്യാറാക്കുക.

നാശനഷ്ടങ്ങളുണ്ടായ വില്ലേജുകളെ പ്രളയ ബാധിത പ്രദേശങ്ങളായി പ്രഖ്യാപിക്കും. ദുരന്ത നിവാരണ ചട്ടങ്ങളും നിയമങ്ങളും അനുസരിച്ച് പ്രദേശങ്ങളെ തരംതിരിക്കാന്‍ ദുരന്ത നിവാരണ സമിതിയെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. പ്രകൃതി ദുരന്ത സാധ്യത കണക്കാക്കി മുന്നറിയിപ്പ് അനുസരിച്ച് സര്‍ക്കാര്‍ അംഗീകൃത ദുരിതാശ്വാസ ക്യാന്പിലുള്ളവരെയും ദുരന്തബാധിതരായി കണക്കാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു.