മഴക്കെടുതിയില്‍ മരണം 103 ; കവളപ്പാറയില്‍ ഏഴ് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി

മഴക്കെടുതിയില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 103 ആയി. കവളപ്പാറയില്‍ നിന്ന് ഏഴ് മൃതദേഹങ്ങളാണ് ഇന്ന് കണ്ടെത്തിയത്. ഇതോടെ കവളപ്പാറയിലെ ദുരന്തമുഖത്ത് 30 പേരുടെ മരണം സ്ഥിരീകരിച്ചു. കവളപ്പാറയില്‍ നിന്ന് കണ്ടെത്താനുള്ള 29 പേര് ഉള്‍പ്പെടെ 56 പേരെ ഇനിയും കണ്ടെത്താനുണ്ട്.  ഉരുള്‍പ്പൊട്ടലുണ്ടായ മലപ്പുറം കവളപ്പാറയിലും മണ്ണിടിച്ചിലുണ്ടായ വയനാട് പുത്തുമലയിലും രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.

ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് മലപ്പുറം ജില്ലയിലാണ്, 38 പേര്‍. കോഴിക്കോട് ജില്ലയില്‍ 17 പേര്‍ക്കും വയനാട് 12 പേര്‍ക്കും തൃശൂര്‍ ജില്ലയില്‍ 8 പേര്‍ക്കും മഴക്കെടുതിയില്‍ ജീവന്‍ നഷ്ടമായി. സംസ്ഥാനത്താകെ 1118 ദുരിതാശ്വാസ ക്യാമ്പുകളിലായി 1,89 567 പേര്‍ കഴിയുന്നുണ്ട്. 11,159 വീടുകള്‍ ഭാഗികമായും 1057 വീടുകള്‍ പൂര്‍ണമായും തകര്‍ന്നതായാണ് സര്‍ക്കാരിന്റെ ഔദ്യോഗിക വിശദീകരണം. ഉരുള്‍പ്പൊട്ടലുണ്ടായ നിലമ്പൂര്‍ കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

കവളപ്പാറയില്‍ നിന്ന് ഇന്ന് കണ്ടെത്തിയ ഏഴ് മൃതദേഹങ്ങളില്‍ നാല് പേരെ തിരിച്ചറിഞ്ഞു. ഭവ്യ, വിഷ്ണുപ്രിയ, ചക്കി, സ്വാതി എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. പ്രദേശത്ത് മഴ ശക്തമായത് തെരച്ചിലിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. എങ്കിലും മണ്ണുമാന്തികളടക്കം ഉപയോഗിച്ചുള്ള തെരച്ചില്‍ കവളപ്പാറയില്‍ തുടരുകയാണ്. ചൊവ്വാഴ്ച നടത്തിയ തെരച്ചിലില്‍ കവളപ്പാറയില്‍ നിന്ന് നാലുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. ചൊവ്വാഴ്ച രാത്രി ഏഴരയോടെ അവസാനിപ്പിച്ച തെരച്ചില്‍ ബുധനാഴ്ച രാവിലെയാണ് പുനരാരംഭിച്ചത്.

പ്രദേശത്ത് മഴ കനത്തതോടെ രാവിലെ മുത്തപ്പന്‍ കുന്നിന്റെ മേല്ഭാഗത്ത് തെരച്ചില്‍ താല്‍ക്കാലികമായി അവസാനിപ്പിച്ചിരുന്നു.എന്നാല്‍ മഴ കുറഞ്ഞതോടെ തെരച്ചില്‍ പുനരാരംഭിച്ചു. എട്ടോളം മണ്ണുമാന്തി യന്ത്രങ്ങള്‍ ഒരേ സമയം മേഖലയില്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. മണ്ണിടിച്ചിലുണ്ടായ വയനാട് പുത്തുമലയില്‍ പ്രതികൂല കാലാവസ്ഥയിലും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ഇതിനിടെ, മഴക്കെടുതിയില്‍ വലയുന്നവര്‍ക്ക് മാനദണ്ഡമനുസരിച്ചുള്ള ധനസഹായം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മരിച്ചവരുടെ കുടുംബത്തിന് നാലുലക്ഷം രൂപയും, മഴക്കെടുതിയില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് പത്ത് ലക്ഷം രൂപ വീതവും ധനസഹായം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. അടിയന്തര സഹായമെന്ന നിലയില്‍ പതിനായിരം രൂപ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.