കെവിന്‍ വധക്കേസില്‍ വിധി പറയുന്നത് ആഗസ്റ്റ് 22 ലേക്ക് മാറ്റി ; നടന്നത് ദുരഭിമാനക്കൊലയെന്ന് പ്രോസിക്യൂഷന്‍

കോളിളക്കം സൃഷ്ട്ടിച്ച കെവിന്‍ വധക്കേസില്‍ വിധി പറയുന്നത് മാറ്റിവെച്ചു. ഈ മാസം 22 ലേയ്ക്കാണ് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയാന്‍ മാറ്റിവച്ചത്. കെവിന്റേത് ദുരഭിമാനക്കൊലയാണെന്ന് പ്രോസിക്യൂഷന്‍ ഇന്ന് കോടതിയില്‍ വാദിച്ചു. എന്നാല്‍, ഇത് നിഷേധിക്കുന്ന നിലപാടാണ് പ്രതിഭാഗം കോടതിയില്‍ സ്വീകരിച്ചത്. കെവിന്റേത് ദുരഭിമാനക്കൊലയാണോ എന്ന് സ്ഥിരീകരിക്കാന്‍ വേണ്ടി, വിധി പറയുന്നത് മാറ്റിവയ്ക്കുകയാണെന്ന് കോടതി അറിയിച്ചു.

കെവിന്റെ ഭാര്യ നീനുവിന്റെ അച്ഛനും സഹോദരനും അടക്കം 14 പ്രതികളാണ് കേസില്‍ ഉള്ളത്. ഒന്‍പതുപേര്‍ ജയിലിലും അഞ്ചുപേര്‍ ജാമ്യത്തിലുമാണ്. ഈ വര്‍ഷം ഏപ്രില്‍ 24 ന് തുടങ്ങിയ വിചാരണ മൂന്നു മാസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. അതായത് ജൂലൈ 30 ന് പൂര്‍ത്തിയായി.

ഇത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണെന്ന് പ്രോസിക്യൂഷന്‍ അഭിപ്രായപ്പെട്ടു. കെവിന്റേത് ദുരഭിമാനക്കൊലയാണ്. കെവിന്‍ പിന്നാക്കവിഭാഗത്തില്‍ പെട്ടയാളാണ്. മുഖ്യാസാക്ഷി ലിജോയോട് ഒന്നാം പ്രതി സാനു ചാക്കോ നടത്തിയ ഫോണ്‍ സംഭാഷണം ഇത് ദുരഭിമാനക്കൊലയാണെന്നതിന് തെളിവാണ്. കെവിന്‍ താഴ്ന്ന ജാതിയില്‍പ്പെട്ടയാളാണെന്ന് ചാക്കോയോടും ലിജോയോടും പ്രതി സാനു ചാക്കോ പറഞ്ഞിരുന്നു എന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

എന്നാല്‍, നടന്നത് ദുരഭിമാന കൊല അല്ലെന്ന് പ്രതിഭാഗം കോടതിയില്‍ പറഞ്ഞു. ഒരു മാസത്തിനകം വിവാഹം നടത്താമെന്ന് നീനുവിന്റെ അച്ഛന്‍ ചാക്കോ പറഞ്ഞിരുന്നു. താഴ്ന്ന ജാതി മേല്‍ ജാതി എന്നത് നിലനില്‍ക്കില്ല. രണ്ട് കൂട്ടരും ക്രിസ്ത്യാനികളാണെന്ന് അനീഷ് മൊഴി നല്കിയിട്ടുണ്ടെന്നും പ്രതിഭാഗം വാദിച്ചു.

ദളിത് ക്രിസ്ത്യന്‍ വിഭാഗത്തില്‍പെട്ട കോട്ടയം നട്ടാശേരി പ്ലാത്തറയില്‍ ജോസഫിന്റെ മകന്‍ കെവിന്‍ പി. ജോസഫ് നീനു എന്ന പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിനെ തുടര്‍ന്ന് നീനുവിന്റെ ബന്ധുക്കളുടെ ദുരഭിമാനവും വിരോധവുമാണ് കൊലയിലേക്ക് നയിച്ചതെന്നതാണ് കേസ്.

2018 മേയ് 28 നാണ് കെവിനെ കൊല്ലപ്പെട്ട നിലയില്‍ പുനലൂരിനുസമീപം ചാലിയക്കര ആറ്റില്‍ കണ്ടെത്തിയത്. കെവിനൊപ്പം പ്രതികള്‍ തട്ടിക്കൊണ്ടുപോയ അനീഷാണു മുഖ്യസാക്ഷി. ദുരഭിമാനക്കൊലയുടെ ഗണത്തില്‍പെടുത്തിയാണ് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ നടപടികള്‍ പൂര്‍ത്തീകരിച്ചത്.

കേസിലെ 186 സാക്ഷികളില്‍ 113 പേരെ വിസ്തരിച്ചു. പ്രോസിക്യൂഷന്‍ 240 രേഖകളും 113 സാക്ഷികളെയും ഹാജരാക്കി. ആറു സാക്ഷികള്‍ കൂറുമാറി. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍, സന്ദേശങ്ങള്‍, സി.സി.ടിവി ദൃശ്യങ്ങള്‍ തുടങ്ങിയ ഡിജിറ്റല്‍ തെളിവുകള്‍ കേസില്‍ നിര്‍ണായകമായി.

ഇതിനിടയില്‍ കെവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ പത്തുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. നീനു ഇപ്പോള്‍ കെവിന്റെ വീട്ടില്‍ നിന്ന് ബിരുദപഠനം പൂര്‍ത്തിയാക്കി എംഎസ്ഡബ്ല്യുവിന് പഠിക്കുകയാണ്. കേരളത്തിന് പുറത്തുപഠിക്കുന്ന നീനുവിന്റെ പഠനചെലവ് വഹിക്കുന്നത് സര്‍ക്കാരാണ്. നീനു ആഗ്രഹിക്കുന്നതുവരെ പഠിപ്പിക്കാന്‍ കെവിന്റെ വീട്ടുകാരും തയ്യാറാണ്.