ഒരു വര്‍ഷത്തില്‍ മാത്രം അനുമതി കിട്ടിയത് 129 ക്വാറികള്‍ക്ക്
ക്വാറികള്‍ക്ക് വാരിക്കോരി അനുമതി നല്‍കി പിണറായി സര്‍ക്കാര്‍ . ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പാറ ഖനനം നിര്‍ത്തി വെച്ചെങ്കിലും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 129 ക്വാറികള്‍ക്കാണ് സര്‍ക്കാര്‍ വക അനുമതി കിട്ടിയത്. ഒരു വര്‍ഷം കൊണ്ട് മാത്രം സംസ്ഥാനത്ത് പൊട്ടിച്ചത് മൂന്ന് കോടി 53 ലക്ഷം ടണ്‍ പാറക്കല്ലുകളാണ്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഉല്പാദനം കൂടിയാണിത്.
പശ്ചിമഘട്ടം തുരക്കുന്നതാണ് പ്രകൃതി ദുരന്തങ്ങളുടെ പ്രധാന കാരണമായി മാധവ് ഗാഡ്ഗില്‍ ചൂണ്ടിക്കാട്ടിയത്. പക്ഷെ പാറപൊട്ടിക്കുന്നതിനും മണ്ണെടുക്കുന്നതിനും കയ്യും കണക്കുമില്ല. പാറപൊട്ടിച്ചതില്‍ മാത്രമല്ല മണ്ണെടുത്തതിലുമുണ്ട് റെക്കോര്‍ഡ്. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഈ ഏപ്രില്‍ വരെയുള്ള കാലത്ത് 62 ലക്ഷത്തി 81735 ടണ്‍ മണ്ണ് തുരന്നെടുത്തു. 750 ക്വാറികളില്‍ മലപ്പുറം ജില്ലയില്‍ മാത്രമുള്ളത് 83 എണ്ണം.
വയനാട്ടില്‍ 10.നിലമ്പൂര്‍ താലൂക്കില്‍ 72, ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറ മേഖലയില്‍ 20. മഹാപ്രളയശേഷം ക്വാറികള്‍ക്ക് നിയന്ത്രണം വേണമെന്ന് സെസ്സിലെതടക്കമുള്ള വിദഗ്ധര്‍ ചൂണ്ടിക്കാട്ടി, പക്ഷെ നിലവിലുള്ള ക്വാറികള്‍ ഉണ്ടാക്കുന്ന പാരിസ്ഥിതികഘാതം പോലും വിശദമായി പഠിച്ചില്ല. തുടര്‍ നടപടി എടുത്തില്ല. പാരിസ്ഥിതിക അനുമതി ഉള്ള ക്വാറികള്‍ക്ക് തടയിട്ടാല്‍ ഉടമകള്‍ കോടതിയിലേക്ക് നീങ്ങുമെന്ന വാദമാണ് വ്യവസായവകുപ്പും മൈനിംഗ് ആന്റ് ജിയോളജി വകുപ്പുമൊക്കെ നിരത്തുന്നത്.
750 ക്വാറികളാണ് താല്‍ക്കാലികമായിപ്പോള്‍ നിര്‍ത്തിയത്. പക്ഷെ അനുമതിയില്ലാതെ വനാന്തര ഭാഗങ്ങളിലടക്കും ഇഷ്ടം പോലെ പാറ പൊട്ടിക്കുന്നുണ്ട്. 2133 പരാതികളാണ് കഴിഞ്ഞ ഒരു വര്‍ഷം ചട്ടം ലംഘിച്ചുള്ള വിവിധതരം ഖനനത്തിന് മൈനിംഗ് ആന്റ് ജിയോളജി വകുപ്പിന് കിട്ടിയത്. ദുരന്തങ്ങളുണ്ടായാല്‍ മാത്രം ശക്തമായ നടപടി എന്നതാണ് സര്‍ക്കാര്‍ നയം.