ക്യാമ്പില്‍ പിരിവ് നടത്തിയ സി പി എം നേതാവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

സി പി എം നേതാവ് ദുരിതാശ്വാസ ക്യാമ്പില്‍ പിരിവ് നടത്തിയ സംഭവത്തില്‍ മുഖം രക്ഷിക്കാന്‍ സര്‍ക്കാര്‍ രംഗത്തു. പിരിവു നടത്തിയ നേതാവിനെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്റ് ചെയ്തതിനു പിന്നാലെ ഇയാള്‍ക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തിരിക്കുകയാണ് പോലീസ് ഇപ്പൊള്‍.

ചേര്‍ത്തലയില്‍ ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും പണം പിരിച്ച മുന്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ഓമനക്കുട്ടനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ചേര്‍ത്തല തഹസില്‍ദാരുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തി അര്‍ത്തുങ്കല്‍ പൊലീസാണ് കേസെടുത്തത്. വഞ്ചനാകുറ്റമാണ് ഓമനക്കുട്ടനെതിരെ ചുമത്തിയത്.

ചേര്‍ത്തല തെക്ക് പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പിലാണ് ഓമനക്കുട്ടന്‍ പണപ്പിരിവ് നടത്തിയത്. സംഭവം വിവാദമായതോടെ ഓമനക്കുട്ടനെ സിപിഎം സസ്‌പെന്‍ഡ് ചെയ്തിരുന്നു. സിവില്‍ സപ്ലൈസ് ഡിപ്പോയില്‍ നിന്ന് ക്യാമ്പിലേക്ക് ഭക്ഷ്യസാധനങ്ങള്‍ കൊണ്ടുവരാനുള്ള വണ്ടിക്ക് വാടക നല്‍കുന്നതിന് വേണ്ടി എന്ന പേരിലായിരുന്നു ഓമനക്കുട്ടന്റെ പിരിവ്.

ക്യാമ്പ് പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി ഹാളിലേക്ക് സ്വകാര്യ വ്യക്തിയുടെ വീട്ടില്‍ നിന്നാണ് വൈദ്യുതി എടുത്തിരിക്കുന്നത്. ഇതിനും ക്യാമ്പില്‍ ഉള്ളവര്‍ പിരിവ് നല്‍കണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. ദുരിതാശ്വാസ ക്യാമ്പില്‍ പണപ്പിരിവ് നടത്തിയെന്ന് ഓമനക്കുട്ടന്‍ തന്നെ മാധ്യമങ്ങളോട് സമ്മതിച്ചിരുന്നു.

ഉദ്യോഗസ്ഥര്‍ പണം നല്‍കാത്തത് കൊണ്ടാണ് പിരിവ് നടത്തി ദുരിതാശ്വാസ ക്യാമ്പിലെ ആവശ്യങ്ങള്‍ താന്‍ നടപ്പാക്കിയതെന്നായിരുന്നു ഓമനക്കുട്ടന്റെ വിശദീകരണം. എന്നാല്‍ ക്യാമ്പിലെ എല്ലാ ചെലവുകള്‍ക്കും സര്‍ക്കാര്‍ പണം നല്‍കുന്നുണ്ടെന്ന് തഹസീല്‍ദാര്‍ വ്യക്തമാക്കിയിരുന്നു. അതേസമയം സര്‍ക്കാരിന്റെ വീഴ്ച മറയ്ക്കാന്‍ കുറ്റമെല്ലാം ഇയാളുടെ മേല്‍ കെട്ടിവെയ്ക്കുകയാണ് എന്നാണ് ഇതിനു എതിരെ ആരോപണം ഉയര്‍ന്നിരിക്കുന്നത്.