സിബിഐ അന്വേഷണം നേരിടുന്നയാള്‍ കണ്‍സ്യൂമര്‍ ഫെഡ് എം.ഡി സ്ഥാനത്തേയ്ക്ക്

സിബിഐ അന്വേഷണം നേരിടുന്നയാളെ കണ്‍സ്യൂമര്‍ ഫെഡ് എം.ഡി സ്ഥാനത്തേക്ക് നിയമിക്കാന്‍ നീക്കമെന്നു വാര്‍ത്തകള്‍. കശുവണ്ടി വികസന കോര്‍പ്പറേഷന്‍ മുന്‍ എം.ഡി കെ.എ രതീഷിനെ എം.ഡി യായി നിയമിക്കാനാണ് നീക്കം. ഇതിനായി വിജിലന്‍സ് ക്ലിയറന്‍സ് തേടിയിട്ടുണ്ട്. വിജിലന്‍സിന്റെ അനുമതി ലഭിച്ചാല്‍ നിയമനം നല്‍കാനാണ് തീരുമാനം. കണ്‍സ്യൂമര്‍ ഫെഡ് എംഡി സ്ഥാനത്തേക്കുള്ളവരുടെ അഭിമുഖത്തിന് ശേഷം അന്തിമ പട്ടികയില്‍ രതീഷാണ് ഒന്നാം സ്ഥാനത്തുള്ളത്.

കശുവണ്ടി വികസന കോര്‍പ്പറേഷനിലെ അഴിമതിയിലാണ് നിലവില്‍ രതീഷിനെതിരെ സിബിഐ അന്വേഷണം നടക്കുന്നത്. കശുവണ്ടി വികസന കോര്‍പ്പറേഷന്‍ എംഡിയായിരുന്നപ്പോള്‍ തോട്ടണ്ടി ഇറക്കുമതിയില്‍ കോടികളുടെ അഴിമതി ആരോപണമാണ് കെ എ രതീഷിനെതിരെ ഉയര്‍ന്നത്. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് സിബിഐ കേസെടുത്ത് അന്വേഷണം നടത്തുന്നത്.

അതേസമയം ഒരു അഴിമതിക്കാരനെയും സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. അഴിമതിക്കേസില്‍ സിബിഐ അന്വേഷണം നേരിടുന്ന വ്യക്തിയെ കണ്‍സ്യൂമര്‍ ഫെഡ് എംഡിയാക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നു എന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

കണ്‍സ്യൂമര്‍ ഫെഡ് എംഡിയായി ആരെയാണ് നിയമിക്കുന്നതെന്നത് സംബന്ധിച്ച ഫയല്‍ തന്റെ മുന്നില്‍ വന്നിട്ടില്ല. ഇതു സംബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത മാത്രമേ അറിയൂ. എം ഡി തസ്തികയിലേക്ക് അഭിമുഖം നടന്നതായി അറിയാം. താന്‍ നിയമനപ്രക്രിയയില്‍ ഇടപെടിട്ടില്ല. നടപടി ക്രമം അനുസരിച്ചേ പ്രവര്‍ത്തിക്കൂ. നിയമനങ്ങള്‍ക്ക് സാധാരണ ഗതിയില്‍ വിജിലന്‍സ് ക്ലിയറന്‍സ് ആവശ്യമാണ്. അഴിമതിയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുക എന്നത് സര്‍ക്കാര്‍ നയമാണെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.