മന്ത്രി ഗതാഗതക്കുരുക്കില്‍പ്പെട്ടതിന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

കൊല്ലം ശൂരനാട് സ്റ്റേഷനിലെ രണ്ടു ഉദ്യോഗസ്ഥരെയും സ്‌പെഷ്യല്‍ ബ്രാഞ്ചിലെ ഒരു ഉദ്യോഗസ്ഥനെയുമാണ് സസ്പെന്റ് ചെയ്തത് . മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഗതാഗതക്കുരുക്കില്‍പ്പെട്ടതിനാണു സുരക്ഷാ വീഴ്ച ചൂണ്ടികാട്ടിയാണ് കൊല്ലം റൂറല്‍ എസ്.പി ഹരി ശങ്കര്‍ ഇവരെ സസ്‌പെന്‍ഡ് ചെയ്തത്. എന്നാല്‍ മന്ത്രി വരുന്നകാര്യം അറിയിച്ചിരുന്നില്ലെന്നാണ് പൊലീസ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

പത്തനംതിട്ട ജില്ലയിലെ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പങ്കെടുത്ത ശേഷം കൊല്ലത്തേക്ക് മടങ്ങുകയായിരുന്ന മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ചക്കുവള്ളി മയ്യത്തുങ്കര ഭാഗത്തു വെച്ചാണ് ഗതാഗതക്കുരുക്കില്‍പെട്ടത്. സമീപത്തെ ഓഡിറ്റോറിയത്തില്‍ വിവാഹത്തിനായി എത്തിയവര്‍ വാഹനം വഴി അരികില്‍ പാര്‍ക്കു ചെയ്തതായിരുന്നു ഗതാഗതകുരുക്കിന് കാരണം.

മന്ത്രി ഉടന്‍തന്നെ വിവരം കൊട്ടാരക്കര കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുകയും റോഡിന് നടുവില്‍ വാഹനം നിര്‍ത്തി ആളുകളെ കയറ്റിയ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടു. ഇതേ സമയത്ത് ഇതുവഴി വന്ന കൊല്ലം റൂറല്‍ എസ്.പി ഹരിശങ്കറും ഗതാഗതക്കുരുക്കില്‍പ്പെട്ടു.

സുരക്ഷ ഒരുക്കുന്നതില്‍ വീഴ്ച്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് എ.എസ്.ഐ നുക്യുദീന്‍, ശൂരനാട് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ എസ്. ഹരിലാല്‍, സിവില്‍ പൊലീസ് ഓഫിസര്‍ രാജേഷ് ചന്ദ്രന്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തത്.

എന്നാല്‍ മന്ത്രിയുടെ വരവ് മുന്‍കൂട്ടി അറിയിച്ചിരുന്നില്ലെന്നാണ് പൊലീസ് ഉദ്യോഗസ്ഥരുടെ വിശദീകരണം. മന്ത്രിയുടെ യാത്രയെക്കുറിച്ച് അറിയാമായിരുന്ന ഉന്നത ഉദ്യോഗസ്ഥരുടെ വീഴ്ച്ച മറച്ചു വെയ്ക്കാനാണ് പൊലീസുകാര്‍ക്കെതിരെ മാത്രം തിടുക്കപ്പെട്ട് നടപടി എടുത്തതെന്നും ആക്ഷേപമുണ്ട്