വയനാടിന് സ്വാന്തനമായി രാഹുല്‍ ഗാന്ധി ; 10,000 കുടുംബങ്ങള്‍ക്ക് അവശ്യകിറ്റുകള്‍

പ്രളയത്തില്‍ തകര്‍ന്ന തന്റെ മണ്ഡലമായ വയനാടിന് രാഹുല്‍ഗാന്ധിയുടെ സഹായഹസ്തം. 50,000 കിലോ അരിയും മറ്റ് അവശ്യ സാധനങ്ങളുമാണ് വയനാട് മണ്ഡലത്തിലെ വിവിധ ക്യാംപുകളില്‍ വിതരണം ചെയ്യുന്നത്. അഞ്ച് കിലോ അരി, പയര്‍, പരിപ്പ് തുടങ്ങിയ അവശ്യ സാധനങ്ങള്‍ ഉള്‍പ്പെടുന്ന കിറ്റുകളാണ് ഓരോ കുടുംബത്തിനും വിതരണം ചെയ്യുന്നത്. നിലവില്‍ പതിനായിരം കുടുംബങ്ങള്‍ക്കുളള സാധനങ്ങള്‍ എത്തിയിട്ടുണ്ട്.

കഴിഞ്ഞയാഴ്ച വയനാട്ടിലെ പ്രളയ ബാധിത മേഖലകള്‍ സന്ദര്‍ശിച്ച രാഹുല്‍ ദുരിതബാധിതര്‍ക്ക് പരമാവധി സഹായമെത്തിക്കാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിനു പിന്നാലെ പുതപ്പും, തണുപ്പകറ്റാനുളള മറ്റു വസ്ത്രങ്ങളും മണ്ഡലത്തിലെത്തി. അടുത്ത ഘട്ടമായി ശുചീകരണത്തിനുളള വിവിധ സാമഗ്രികള്‍ വിതരണം ചെയ്യുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

അടുത്ത ഘട്ടമായി ക്ലീനിംഗ് സാധനങ്ങള്‍ എത്തിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. അര്‍ഹരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും ബാത്ത്റൂം, ഫ്‌ലോര്‍ ക്ലീനിംഗ് വസ്തുക്കളടങ്ങിയ കിറ്റ് എത്തിക്കും. അടുത്തയാഴ്ച രാഹുല്‍ ഗാന്ധി വീണ്ടും വയനാട് മണ്ഡലത്തിലെ പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിക്കുന്നുണ്ട്. വയനാട്ടിലെയും മലപ്പുറത്തെയും ദുരിതബാധിത മേഖലകളിലും ദുരിതാശ്വാസ ക്യാമ്പുകളിലും രാഹുല്‍ഗാന്ധി സന്ദര്‍ശനം നടത്തിയിരുന്നു.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തില്‍ ആദ്യത്തെ ദിവസം ഉരുള്‍പൊട്ടലില്‍ വന്‍നാശം വിതച്ച മലപ്പുറം നിലമ്പൂരിലെ കവളപ്പാറയും രണ്ടാമത്തെ ദിവസം ശക്തമായ മണ്ണിടിച്ചില്‍ ഏഴ് പേരെ കാണാതായ വയനാട്ടിലെ പുത്തുമലയിലുമാണ് രാഹുല്‍ ?ഗാന്ധി സന്ദര്‍ശനം നടത്തിയത്.

ഇതിന് പിന്നാലെയാണ് ഭക്ഷ്യവസ്തുക്കളും അവശ്യസാധനങ്ങളും വിതരണം ചെയ്യാന്‍ നിര്‍ദേശം നല്‍കിയത്. 5 കിലോ അരി അടങ്ങിയ ഭക്ഷ്യസാധന കിറ്റ് പതിനായിരം കുടുംബങ്ങള്‍ക്കു വിതരണം ചെയ്യാനാണ് രാഹുല്‍ഗാന്ധി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. പ്രാദേശിക പാര്‍ട്ടി ഘടകങ്ങള്‍ വഴി ഇതിന്റെ വിതരണം ആരംഭിച്ചു.