പ്രളയത്തിനും ഉരുള്‍ പൊട്ടലിനും കാരണം കയ്യേറ്റമല്ല ; ഗാഡ്ഗില്‍ ഇടുക്കിക്കാരോട് പകപോക്കുകയാണെന്നു ഹൈറേഞ്ച് സംരക്ഷണ സമിതി
ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും മനുഷ്യ ഇടപെടല്‍ മൂലം പശ്ചിമഘട്ടത്തിലുണ്ടാകുന്ന മാറ്റങ്ങളാണ് പ്രകൃതി ദുരന്തങ്ങള്‍ക്ക് കാരണമെന്ന പ്രചാരണത്തിനെ തള്ളി ഹൈറേഞ്ച് സംരക്ഷണ സമിതി. ആഗോളതാപനം നിമിത്തമുള്ള കാലാവസ്ഥ വ്യതിയാനമാണ് പ്രളയത്തിന് കാരണം. മാധവ് ഗാഡ്ഗില്‍ ഇടുക്കിക്കാരോട് പകപോക്കുകയാണെന്നും സമിതി ആരോപിച്ചു.
പശ്ചിമഘട്ടം സംരക്ഷിക്കാനുള്ള ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ ഒരു തരത്തിലും അംഗീകരിക്കുന്നില്ല. മാധവ് ഗാഡ്ഗിലിനെതിരെ 2013ല്‍ എടുത്ത നിലപാടില്‍ ഇപ്പോഴും മാറ്റമില്ല. ഓസ്‌ട്രേലിയയിലും ബ്രസീലിലും പ്രളയമുണ്ടായത് പശ്ചിമഘട്ടം നിമിത്തമാണോ എന്നും സമിതി ചോദിക്കുന്നു. പശ്ചിമഘട്ട സംരക്ഷണത്തിന്, കൃത്യമായ പഠനങ്ങളില്ലാതെ തയ്യാറാക്കിയ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന് പകരം കര്‍ഷകരെ ഉള്‍പ്പെടുത്തിയുള്ള പുതിയ പഠന റിപ്പോര്‍ട്ട് വേണമെന്ന നിലപാടിലാണ് ഹൈറേഞ്ച് സംരക്ഷണ സമിതി.
ഇടുക്കിയില്‍ അടുത്തടുത്ത വര്‍ഷങ്ങളിലുണ്ടായത് സമാനതകളില്ലാത്ത പ്രകൃതി ദുരന്തമാണ്. ഒരു വര്‍ഷത്തിനിടെ മുന്നൂറോളം ഇടങ്ങളില്‍ ഉരുള്‍പൊട്ടി. ദുരന്തങ്ങളില്‍ 60 പേര്‍ മരിച്ചു. എന്നാല്‍ ഇവയ്‌ക്കൊന്നും കാരണം മനുഷ്യ ഇടപെടല്‍ നിമിത്തം പശ്ചിമഘട്ടത്തിലുണ്ടാകുന്ന മാറ്റങ്ങളല്ലെന്ന് ആവര്‍ത്തിക്കുകയാണ് ഹൈറേഞ്ച് സംരക്ഷണ സമിതി. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് സമിതിയുടെ പ്രതികരണം. റിപ്പോര്‍ട്ട നടപ്പാക്കാത്തതിനെതിരെ മാധവ് ഗാഡ്ഗിലും രംഗത്തെത്തിയിരുന്നു.