പുത്തുമല ഉരുള്‍ പൊട്ടല്‍ : വെള്ളച്ചാട്ടത്തില്‍ കുടുങ്ങിയ നിലയില്‍ ഒരു മൃതദേഹം കണ്ടെത്തി
വയനാട് പുത്തുമലയില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. സൂചിപ്പാറ വെള്ളച്ചാട്ടത്തില്‍ കുടുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. നിലവില്‍ മൃതദേഹം പുറത്തെടുക്കാനാവുന്ന അവസ്ഥയിലല്ല. വിദഗ്ധ സംഘം സ്ഥലത്തെത്തി മൃതദേഹം പുറത്തെടുക്കാന്‍ ശ്രമിച്ചു വരികയാണ്. ആരുടെതാണ് മൃതദേഹം എന്ന് കണ്ടെത്താനായിട്ടില്ല. ആറ് ദിവസത്തിന് ശേഷമാണ് ഈ പ്രദേശത്ത് നിന്ന് ഒരു മൃതദേഹം ലഭിക്കുന്നത്.
ഇനി ആറ് പേരെയാണ് പുത്തുമലയില്‍ നിന്ന് കണ്ടെത്താനുള്ളത്. എന്‍ഡിആര്‍എഫ് ഉദ്യോഗസ്ഥരടക്കം സ്ഥലത്ത് എത്തിയിട്ടുണ്ട്. ആദ്യം സന്നദ്ധപ്രവര്‍ത്തകരാണ് മൃതദേഹം കണ്ടത്.
പുത്തുമലയില്‍ കഴിഞ്ഞ അഞ്ച് ദിവസമായി നടത്തിയ തെരച്ചിലില്‍ ഒരാളെപ്പോലും കണ്ടെത്താനായിരുന്നില്ല. കവളപ്പാറയില്‍ ഉപയോഗിക്കുന്ന ജിപിആര്‍ സംവിധാനം പുത്തുമലയില്‍ ഉപയോഗിക്കാനും ആലോചനയുണ്ട്. അത്യാധുനിക സംവിധാനമായ ഗ്രൗണ്ട് പെനിട്രേറ്റിംഗ് റഡാര്‍ ഉപയോഗിച്ചാണ് കവളപ്പാറയില്‍ തെരച്ചില്‍ നടത്തുന്നത്.