ബഷീറിന്റെ ഫോണ്‍ ഇതുവരെ കണ്ടെത്തിയില്ല ; അന്വേഷണസംഘം കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്ന് ആരോപണം
മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസ് ശ്രമം അന്വേഷണം വഴിതെറ്റിക്കാന്‍. കേസേറ്റെടുത്ത പുതിയ അന്വേഷണസംഘം കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് സിറാജ് പത്ര മാനേജ്മെന്റ് ആരോപിക്കുന്നു. മ്യൂസിയം പൊലീസിനെ ന്യായീകരിച്ചാണ് പുതിയ അന്വേഷണ സംഘം കോടതിയില്‍ വിശദീകരണ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നതെന്നും ബഷീറിന്റെ ഫോണ്‍ കണ്ടെത്താനാകാത്തതില്‍ ദുരൂഹതയുണ്ടെന്നും സിറാജ് മാനേജ്മെന്റ് പ്രതിനിധിയും പരാതിക്കാരനുമായ സൈഫുദ്ദീന്‍ ഹാജി പറഞ്ഞു.
അപകടമുണ്ടായ ദിവസം ബഷീറിന്റെ ഫോണ്‍ കാണാതായതിന് പിന്നില്‍ ദുരൂഹതകളുണ്ടെന്നും അപകടത്തിന് ശേഷവും ബഷീറിന്റെ ഫോണ്‍ ആരോ ഉപയോഗിച്ചിട്ടുണ്ടെന്നും സൈഫുദ്ദീന്‍ ഹാജി പറഞ്ഞു.
കെ.എം ബഷീറിന്റെ അപകട മരണത്തില്‍ കോടതി നിരീക്ഷണം ആവശ്യപ്പെട്ടു കൊണ്ട് സിറാജ് മാനേജ്മെന്റ് നല്‍കിയ ഹര്‍ജി പരിഗണിച്ച കോടതി നേരത്തെ പൊലീസിനോട് വിശദീകരണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. കോടതിയില്‍ നല്‍കിയ വിശദീകരണ റിപ്പോര്‍ട്ടിലാണ് പൊലീസ് വിചിത്രമായ വാദം അവതരിപ്പിച്ചത്. പൊലീസ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ശ്രീറാം വെങ്കിട്ടരാമന്റെ രക്ത പരിശോധന ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ നടത്തിയില്ലെന്നായിരുന്നു പൊലീസിന്റെ വാദം.
കൂടാതെ പരാതിക്കാരന്‍ തര്‍ക്കിച്ചതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയെന്നും രക്തപരിശോധന വൈകിയതില്‍ ഇതും കാരണമായെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനെതിരെയാണ് സിറാജ് മാനേജ്മെന്റ് രംഗത്തെത്തിയത്. കോടതിയില്‍ കൊടുത്ത റിപ്പോര്‍ട്ടില്‍ പൊലീസ് പറയുന്നത് നുണയാണെന്ന് സൈഫുദ്ദീന്‍ ഹാജി പറഞ്ഞു. മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ തര്‍ക്കമുണ്ടായിട്ടില്ലെന്നും പൊലീസിനോട് സഹകരിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.