പിഎസ്‌സി പരീക്ഷാത്തട്ടിപ്പ് നടത്തിയെന്ന് സമ്മതിച്ചു കുത്തുക്കേസില്‍ പിടിയിലായ മുന്‍ എസ്എഫ്‌ഐ നേതാക്കള്‍

പിഎസ്‌സി കോണ്‍സ്റ്റബില്‍ പരീക്ഷയില്‍ തട്ടിപ്പ് നടത്തി എന്ന് സമ്മതിച്ചു കുത്തുക്കേസില്‍ പിടിയിലായ മുന്‍ എസ്എഫ്‌ഐ നേതാക്കളായ ശിവരഞ്ജിത്തും നസീമും. പരീക്ഷയില്‍ ക്രമക്കേട് നടത്തിയെന്ന് ഇരുവരും അന്വേഷണസംഘത്തോട് തലകുലുക്കി സമ്മതിച്ചു. അതേസമയം ഒരു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ അന്വേഷണസംഘത്തോട് സഹകരിക്കാതിരിക്കാനാണ് പ്രതികള്‍ ശ്രമിച്ചത്.

പിഎസ്‌സി നടത്തിയ കോണ്‍സ്റ്റബില്‍ പരീക്ഷയില്‍ തട്ടിപ്പ് നടത്തിയതിന് യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ നേതാക്കളായിരുന്ന ശിവരഞ്ജിത്ത്, പ്രണവ്, നസീം, സഫീര്‍, ഗോകുല്‍ എന്നിവരെ പ്രതികളാക്കി ഈ മാസം എട്ടിനാണ് ക്രൈം ബ്രാഞ്ച് കേസെടുത്തത്. ശിവരഞ്ജിത്തും നസീമും ഇപ്പോള്‍ യൂണിവേഴ്‌സിറ്റി കോളേജ് കത്തിക്കുത്ത് കേസില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് ഉള്ളത്. ഇവിടെയെത്തിയായിരുന്നു ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യല്‍.

ആദ്യം ഒന്നിച്ചും പിന്നെ വെവ്വേറെയുമാണ് പ്രതികളെ ചോദ്യം ചെയ്തത്. ചോദ്യപ്പേപ്പറില്‍ ഉത്തരം ചോര്‍ന്നു കിട്ടിയത് പ്രതികള്‍ ആദ്യം സമ്മതിച്ചില്ല. കറക്കിക്കുത്തിയും കോപ്പിയടിച്ചുമാണ് ഉത്തരം ശരിയായതെന്നാണ് പ്രതികള്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കിയത്. ഒടുവില്‍ തെളിവുകള്‍ ഒരോന്നോരോന്നായി നിരത്തിയപ്പോള്‍, ഗതികെട്ട് ഇരുവരും തല കുലുക്കി സമ്മതിക്കുകയായിരുന്നു.

എന്നാല്‍ ഒന്നും സംസാരിക്കാന്‍ ഇരുവരും തയ്യാറായില്ല. സംഭവത്തെക്കുറിച്ച് കൃത്യമായ, വ്യക്തമായ മൊഴി നല്‍കിയില്ല. പ്രതികള്‍ക്ക് നേരത്തേ നിയമസഹായവും, വിദഗ്ധ നിയമോപദേശവും കിട്ടിയെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്. ചോദ്യപ്പേപ്പര്‍ പുറത്തുപോയതെങ്ങനെ, എങ്ങനെ ഉത്തരം കിട്ടി എന്നതിനൊക്കെയുള്ള മറുപടികളില്‍ വൈരുദ്ധ്യവുമുണ്ട്. 70 ശതമാനം ഉത്തരവും എഴുതിയത് എസ്എംഎസ്സ് നോക്കിയാണെന്ന് ഇരുവരും അന്വേഷണസംഘത്തോട് സമ്മതിച്ചതായാണ് സൂചന. എന്നാല്‍ ആരാണ് ചോര്‍ത്തി നല്‍കിയത്, ആരാണ് എസ്എംഎസ്സ് അയച്ച് തന്നതെന്നും കൃത്യമായ മറുപടികള്‍ പ്രതികള്‍ നല്‍കിയിട്ടില്ല.

പരീക്ഷാ ക്രമക്കേട് ആദ്യം കണ്ടെത്തിയത് പിഎസ്‌സി വിജിലന്‍സാണ്. രഹസ്യമായി വിവരം പൊലീസിന് കൈമാറി കേസെടുത്ത് പ്രതികളെ കൈയ്യോടെ പിടികൂടുന്നതിന് പകരം വിവരം പുറത്തായതും പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കി. പരീക്ഷാ ഹാളിനുള്ളിലും പ്രതികള്‍ മൊബൈലോ സ്മാര്‍ട്ട് വാച്ചോ ഉപയോഗിച്ചുവെന്നാണ് പൊലീസ് സംശയിക്കുന്നത്. പരീക്ഷാ ചുമതലയുണ്ടായിരുന്ന ജീവനക്കാരുടെ പങ്കും കണ്ടെത്തേണ്ടതുണ്ട്.

ചോദ്യപേപ്പര്‍ ചോര്‍ത്തി എസ്എംഎസുകള്‍ വഴി ഉത്തരമയച്ച് പരീക്ഷ എഴുതിയെന്ന് സംശയരഹിതമായി തെളിഞ്ഞാല്‍ മാത്രമേ പ്രതികള്‍ക്കെതിരെ മറ്റ് വകുപ്പുകള്‍ ചുമത്താന്‍ കഴിയൂ. അതിന് മുഖ്യപ്രതികള്‍ പിടിയിലാകണം. പക്ഷെ റാങ്ക് പട്ടികയില്‍ ഇടംപിടിച്ചവര്‍ക്ക് മൊബൈല്‍ ഫോണില്‍ നിന്നും എസ്എംഎസ് വഴി ഉത്തരങ്ങള്‍ അയച്ച എസ്എപി ക്യാമ്പിലെ പൊലീസുകാരന്‍ ഗോകുലും, സുഹൃത്ത് സഫീറും ഒളിവിലാണ്.

ഉത്തരമയക്കാനായി പ്രതികള്‍ ഉപയോഗിച്ച മൊബൈല്‍ ഫോണുകള്‍ കണ്ടെത്തുക എന്നത് ഏറെ നിര്‍ണായകമാണ്. ഈ ഫോണുകളില്‍ നിന്നാണ് ഫോറന്‍സിക് പരിശോധനയിലൂടെ പ്രധാനതെളിവുകള്‍ കണ്ടെത്തേണ്ടത്. അറസ്റ്റ് നീണ്ടുപോകുന്നതോടെ പ്രതികള്‍ തൊണ്ടിമുതലുകള്‍ നശിപ്പിക്കാനുള്ള സാധ്യതയുമുണ്ട്. മൂന്നു പ്രതികളുടെ വീടുകളിലും ക്രൈം ബ്രാഞ്ച് പരിശോധന നടത്തിയെങ്കിലും തൊണ്ടിമുതലുകളൊന്നും കണ്ടെത്തിയില്ല.